പെരുമാറ്റച്ചട്ടം: കണ്ടെത്തിയത് ആറായിരത്തിലേറെ നിയമലംഘനങ്ങള്‍
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപടികള്‍ ശക്തമാക്കി. ഇതിനായി നിയോഗിക്കപ്പെട്ട മണ്ഡലംതല എം.സി.സി ഫ്ലയിങ് സ്ക്വാഡുകള്‍ 6575 നിയമലംഘനങ്ങള്‍ കണ്ടെത്തി നീക്കംചെയ്തു. 5000ത്തിലേറെ പോസ്റ്ററുകള്‍, 700ലേറെ ബാനറുകള്‍, 800ലേറെ കൊടികള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച പ്രചാരണ സാമഗ്രികളാണ് സ്ക്വാഡുകള്‍ നീക്കംചെയ്തത്.
പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇലക്ഷന് കമീഷന് ഒരുക്കിയ സിവിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍വഴി ഇതിനകം 4331 പരാതികള്‍ ലഭിച്ചതില്‍ 4302 എണ്ണം പരിഹരിച്ചു. പേരാവൂര്‍ (593), അഴീക്കോട് (547), കൂത്തുപറമ്പ് (488) എന്നീ മണ്ഡലങ്ങളില്‍നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. സര്‍ക്കാര്‍ ഓഫിസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സര്‍വിസ് സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണ ബോര്‍ഡുകളും മറ്റും ഇതിനകം നീക്കംചെയ്തു. ബി.എസ്.എൻ.എല്‍, കെ.എസ്.ഇ.ബി തൂണുകളിലെ അനധികൃത പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. നീക്കംചെയ്യാത്തവര്ക്കെതിരെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, പൊതുമുതല്‍ സംരക്ഷണ നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലത്തിലും രണ്ടുവീതം സ്ക്വാഡുകളും ജില്ല തലത്തില്‍ രണ്ട് സ്ക്വാഡുകളുമാണ് പ്രവര്‍ത്തിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷണത്തിെൻറ ഭാഗമായും സ്ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അനധികൃത പണമിടപാടുകള്‍, മദ്യവിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്കല് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സ്ക്വാഡുകള്‍ നിരീക്ഷിക്കും. പിടിച്ചെടുക്കപ്പെടുന്ന തുക സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കും. ഓരോ മണ്ഡലത്തിലും വിഡിയോ സർവൈലന്‍സ് ടീമുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
11ന് ഓഫിസുകള്‍ പ്രവര്‍ത്തിക്കണം
നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി എല്ലാ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളും ബാങ്ക് മേധാവികളും അവധിദിവസമായ മാര്‍ച്ച് 11ന് ഓഫിസ് തുറന്നുപ്രവര്‍ത്തിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട നിയമനം മാര്‍ച്ച് 10നാണ് നടക്കുന്നത്.
തുടര്‍ന്ന് അവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 13, 14, 15, 16 തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഇതുസംബന്ധിച്ച നിയമന ഉത്തരവ് മാര്‍ച്ച് 10, 11 തീയതികളിലാണ് സ്ഥാപന മേധാവികള്‍ക്ക് എത്തിക്കുക. പോളിങ് ഡ്യൂട്ടിക്ക് നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് ലഭിച്ചു എന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.