മോഡലുകളുടെ അപകടമരണം: ഹോട്ടലുടമയടക്കം പ്രതികൾക്ക് ജാമ്യം
text_fieldsകൊച്ചി: മുൻ മിസ് കേരള അടക്കം മൂന്നുപേർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ അറസ്റ്റിലായ ഹോട്ടലുടമ അടക്കം ആറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. രണ്ടാം പ്രതി ഹോട്ടലുടമ റോയി ജെ. വയലാട്ട്, മൂന്നുമുതൽ ഏഴുവരെ പ്രതികളായ വിഷ്ണുകുമാർ, മെൽവിൻ, ലിൻസൺ റെയ്നോൾഡ്, ഷിജുലാൽ, അനിൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
രണ്ടാം പ്രതിക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ഈ സാഹചര്യത്തിൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും പൊലീസ് ബോധിപ്പിച്ചു. പ്രതികളെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിെൻറ ആവശ്യം. എന്നാൽ, രാത്രി വൈകി ഹോട്ടലുടമ അടക്കം ആറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്നും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നുമുള്ള നിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്.
രണ്ടാം പ്രതിയായ ഹോട്ടലുടമ റോയി ജെ. വയലാട്ടിെൻറ മൊഴി ഇയാളെ പാർപ്പിച്ചിരിക്കുന്ന കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. അഞ്ച് പ്രതികളെ കോടതിയിലും ഹാജരാക്കിയിരുന്നു. മോഡലുകൾ മരിച്ച അപകടത്തിന് പിന്നാലെ ഹോട്ടലിലെത്തിയ റോയിയുടെ നിർദേശപ്രകാരം അഴിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞതായാണ് പൊലീസ് കണ്ടെത്തൽ.
വാഹനാപകടത്തിൽ യുവതികൾ മരിച്ചതോടെ ഹോട്ടലിലെ ഇവരുടെ ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ കാമറ ഓഫാക്കിയെന്നും നമ്പർ 18 ഹോട്ടലിെൻറ ഒന്നാംനിലയിലെയും രണ്ടാംനിലയിലെയും പാർക്കിങ് ഏരിയയിലെയും കാമറ ലിങ്ക് ചെയ്തിരുന്ന ഡി.വി.ആർ നശിപ്പിച്ചെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. കൊല്ലപ്പെട്ട യുവതികളും രണ്ടാംപ്രതിയും മറ്റുള്ളവരും ഉൾപ്പെട്ട ദുരൂഹ ദൃശ്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയാണ് ഡി.വി.ആർ നശിപ്പിച്ചെതന്നാണ് പൊലീസ് ആരോപിക്കുന്നത്. ഏഴാംപ്രതി അനിൽ ഹോട്ടലിലെ സി.സി.ടി.വി സർവിസ് നടത്തുന്ന മെൽവിനോട് സി.സി.ടി.വി അഴിക്കുന്ന കാര്യങ്ങൾ ഫോണിൽ ചോദിക്കുകയും മെൽവിൻ അഴിക്കുന്ന രീതി വാട്സ്ആപ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന്, അഞ്ചാംപ്രതി ലിൻസൺ റെയ്നോൾഡ് ഡി.വി.ആറിൽനിന്ന് ഹാർഡ് ഡിസ്ക് അഴിച്ചെടുത്ത് നാലാം പ്രതിയായ മെൽവിനെ ഏൽപിക്കുകയും അഞ്ചാം പ്രതി അഴിച്ചെടുത്ത ഹാർഡ് ഡിസ്കിന് പകരം മറ്റൊരു ബ്ലാങ്ക് ഹാർഡ് ഡിസ്ക് ഡി.വി.ആറിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.
അഴിച്ചെടുത്ത ഹാർഡ് ഡിസ്ക് ആറാം പ്രതി ഷിജുലാലിനെ ഏൽപിച്ചു. തുടർന്ന്, റോയിയുടെ നിർദേശപ്രകാരം ഹാർഡ് ഡിസ്ക് നാലാം പ്രതി മെൽവിനും മൂന്നാം പ്രതി വിഷ്ണുകുമാറും ചേർന്ന് ഇടക്കൊച്ചി കണ്ണൻകാട്ട് പാലത്തിൽനിന്ന് കായലിലേക്ക് എറിഞ്ഞെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. ഒന്നാം പ്രതിയായ അബ്ദുറഹ്മാനെ സഹായിക്കാനും രണ്ടാംപ്രതി ഹോട്ടലിൽ മദ്യവും മയക്കുമരുന്നും കൊടുത്തത് പുറത്ത് വരാതിരിക്കാനും വേണ്ടിയാണ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതെന്നും പൊലീസ് ആരോപിക്കുന്നു.
നീക്കേണ്ടത് ഡി.ജെ പാർട്ടിയെ ചുറ്റിപ്പറ്റിയുണ്ടായ ദുരൂഹത
മോഡലുകളും സുഹൃത്തും ഉൾപ്പെടെ മൂന്നുപേർ കാറപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നത് നിശാപാർട്ടിയിൽ. ഈ പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തു, ഇതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ എന്തിന് നശിപ്പിച്ചു, പാർട്ടിയിൽ പങ്കെടുത്തവരുടെ പേരുകൾ എന്തുകൊണ്ട് രേഖപ്പെടുത്തിയില്ല തുടങ്ങിയ കാര്യങ്ങൾക്കുള്ള ഉത്തരമാണ് പുതിയ അന്വേഷണസംഘത്തിന് കണ്ടെത്തേണ്ടത്.
ഇവരുടെ കാറിനെ പന്തുടർന്ന സൈജു തങ്കച്ചൻ മുൻകൂർ ജാമ്യപേക്ഷ നൽകിയിരിക്കുകയാണ്. എന്തിനാണ് ഇയാൾ മോഡലുകളെ പിന്തുടർന്നത് എന്നതിന് തൃപ്തികരമായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. അപകടശേഷം ഇയാൾ ഹോട്ടലുടമയെ ബന്ധപ്പെട്ടിട്ടുണ്ട്.
ഡി.ജെ പാർട്ടിക്കിടെ നടന്ന സംഭവങ്ങളെത്തുടർന്നാണോ പാർട്ടി അവസാനിക്കും മുമ്പേ ഇവർ വേഗത്തിൽ ഹോട്ടലിൽനിന്ന് പോരേണ്ടിവന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് അറിയേണ്ടത്. പാർട്ടിക്കിടെ ലഹരിമരുന്ന് ഉപയോഗിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ എക്സൈസും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.