മോഡലുകളുടെ അപകട മരണം: പിന്തുടർന്ന കാർ ഡ്രൈവർ പ്രതിയല്ലെന്ന് സർക്കാർ
text_fieldsകൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ കാറിനെ പിന്തുടർന്ന ആഡംബര കാറിെൻറ ൈഡ്രവർ സൈജു എം. തങ്കച്ചനെ ഇതുവരെ പ്രതിചേർത്തിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. അപകടത്തിനിരയായ കാർ ഓടിച്ച അബ്ദുൽ റഹ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിചേർക്കാൻ സാധ്യതയുണ്ടെന്ന് കാട്ടി കാക്കനാട് ഇടച്ചിറയിലെ സൈജു നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, അന്വേഷണം തുടരുകയാണെന്നും ആവശ്യമെങ്കിൽ ചോദ്യംചെയ്യാൻ നോട്ടീസ് നൽകി മാത്രമേ സൈജുവിനെ വിളിപ്പിക്കൂവെന്നും അഡീ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. ഇക്കാര്യം ഹരജി പരിഗണിച്ച ജസ്റ്റിസ് വി. ഷേർസി രേഖപ്പെടുത്തി.
ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽവെച്ച് സംഭവദിവസം അമിതമായി മദ്യപിച്ച നിലയിലായിരുന്ന അബ്ദുൽ റഹ്മാനെ പരിചയപ്പെട്ടെന്നും കാറിൽ അമിതവേഗത്തിൽ മടങ്ങുന്നത് കണ്ടപ്പോൾ മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറഞ്ഞെങ്കിലും ഗൗനിക്കാതെ പോയിയെന്നുമാണ് ഹരജിയിൽ പറയുന്നത്. ഇതിനിടെ കാർ കുണ്ടന്നൂർ ജങ്ഷനിൽ റോഡരികിൽ ഇടിച്ച നിലയിൽ കിടക്കുന്നത് കണ്ടപ്പോഴും അയാൾക്ക് മുന്നറിയിപ്പ് നൽകി.
പിന്നീട് ചക്കരപ്പറമ്പിൽ ബൈക്ക് അപകടത്തിൽപെട്ട് കിടക്കുന്നതുകണ്ട് പൊലീസിനെ വിളിച്ചറിയിച്ചു. ഇതിനുശേഷം കാർ അപകടത്തിൽപെട്ട സ്ഥലത്ത് എത്തിയപ്പോഴാണ് അബ്ദുൽ റഹ്മാൻ ഓടിച്ച കാറാണ് അപകടത്തിൽപെട്ടതെന്ന് മനസ്സിലായത്. നിരപരാധിയാണെങ്കിലും നിരന്തരം വാർത്തകൾ വരുന്ന സാഹചര്യത്തിൽ തന്നെയും പ്രതിയാക്കാൻ പൊലീസ് ശ്രമിക്കുമെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.