എം.ഡി.എം.എയുമായി മോഡലിങ് ആർട്ടിസ്റ്റ് പിടിയിൽ
text_fieldsകൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോർട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്സൈസിന്‍റെ പിടിയിൽ. മോഡലിങ് ആർട്ടിസ്റ്റായ ചേർത്തല അർത്തുങ്കൽ നടുവിലപറമ്പിൽ വീട്ടിൽ റോസ് ഹെമ്മയാണ് (ഷെറിൻ ചാരു) അറസ്റ്റിലായത്. ഇവരിൽനിന്ന് 1.90 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ഉപഭോക്താക്കൾക്ക് ‘സ്നോബോൾ’ എന്ന രഹസ്യകോഡിലാണ് ഇവർ മയക്കുമരുന്ന് കൈമാറിയിരുന്നത്.റേവ് പാർട്ടികളിലെ രാസലഹരിയുടെ വിതരണം പൂർണമായും ഏറ്റെടുത്തിരുന്നത് ഇവരുടെ നിയന്ത്രണത്തിലുള്ള സംഘമായിരുന്നു. പ്രധാന ഇടനിലക്കാരനായ യുവാവ് എക്സൈസ് സ്പെഷൽ ആക്ഷൻ ടീമിന്‍റെ പിടിയിലായതോടെയാണ് ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
കൊച്ചി കേന്ദ്രീകരിച്ച് അർധ രാത്രി നടക്കുന്ന നിശാപാർട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന് ഇവർ വൈറ്റില- ഇടപ്പള്ളി ദേശീയപാതക്ക് സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്ത് നിൽക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പിടിയിലായത്. ഇവരിൽനിന്ന് നഗരത്തിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്ന നിരവധി പേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഇവർ പ്രവർത്തിച്ചിരുന്ന മോഡലിങ് മേഖലയിലും മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട അന്വേഷണം ഉണ്ടാകുമെന്ന് എറണാകുളം എൻഫോഴ്സ്മെന്‍റ് അസി കമീഷണർ ബി. ടെനിമോൻ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്‍റീവ് ഓഫിസർ ടി.എൻ. അജയ കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എൻ.ഡി. ടോമി, ഹർഷകുമാർ, എൻ.യു. അനസ്, എസ്. നിഷ, പി. അനിമോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.