മോഡലുകളുടെ മരണവും പോക്സോ കേസും: നമ്പർ18 ഹോട്ടലിന്‍റെ ബാർ ലൈസൻസ് റദ്ദാക്കിയ നടപടി പിൻവലിച്ചു
text_fieldsകൊച്ചി: മോഡലുകളുടെ മരണവും ഉടമക്കെതിരെ പോക്സോ കേസുമടക്കം വിവാദങ്ങൾ നിറഞ്ഞ ഫോർട്ട്കൊച്ചി നമ്പർ18 ഹോട്ടലിന്‍റെ ബാർ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയ നടപടി എക്സൈസ് വകുപ്പ് പിൻവലിച്ചു. ഈ മാസം ഒന്നിനാണ് എക്സൈസ് കമീഷണറുടെ ഉത്തരവ് പ്രകാരം ലൈസൻസ് പുനഃസ്ഥാപിച്ചുനൽകിയത്. ഇതിനുപിന്നിൽ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് സൂചന.
നമ്പർ18 ഹോട്ടലിൽ നിശപാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയ മോഡലുകളാണ് ഒക്ടോബർ 31ന് അർധരാത്രി അപകടത്തിൽ മരണപ്പെട്ടത്. മോഡലുകൾ മരിച്ചതിനെത്തുടർന്നുണ്ടായ വിവാദം അവസാനിപ്പിക്കാൻ അധികാര സ്ഥാനങ്ങളിലുള്ളവർ വലിയ ഇടപെടലുകൾ നടത്തിയത് ഏറെ ചർച്ചയായിരുന്നു.
സമയപരിധി കഴിഞ്ഞ് മദ്യം വിളമ്പൽ, ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് കാരണംകാണിക്കൽ നോട്ടീസ് നൽകി എക്സൈസ് ബാർ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയത്. എന്നാൽ, ഇത് തെളിയിക്കാൻ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്താൻ തയാറായില്ലെന്നതാണ് ഉയരുന്ന മറ്റൊരു ആരോപണം. തുടരന്വേഷണം നടത്താതെ കേസ് ദുർബലമാക്കുകയായിരുന്നുവെന്നും ആരോപണവും ഉയരുന്നുണ്ട്.
അതേസമയം, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടാതെ ഒരാളുടെ പേരിലുള്ള ബാർ ലൈസൻസ് റദ്ദ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പുതുതായി ബാർ ഉടമക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കേണ്ടത് പൊലീസാണെന്നാണ് എക്സൈസ് വിശദീകരിക്കുന്നത്.
നിലവിൽ ബാർ ഉടമക്കെതിരെ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതിനും വാഹനാപകടം സംബന്ധിച്ചുള്ളതും പോക്സോ കേസുമാണ് നിലനിൽക്കുന്നത്. ഈ കേസുകളിൽ ഏതെങ്കിലുമൊന്നിൽ ശിക്ഷ വിധിച്ചാൽ മാത്രമേ ബാർ ഉടമയുടെ പേരിലുള്ള ലൈസൻസ് റദ്ദ് ചെയ്യാൻ കഴിയൂ. ഇക്കാര്യങ്ങൾകാട്ടി എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ് എക്സൈസ് കമീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കൂട്ടുപ്രതി സൈജു എം. തങ്കച്ചനെ ചോദ്യംചെയ്തു
വിവാദമായ ഫോർട്ട്കൊച്ചി നമ്പർ18 ഹോട്ടലുടമ റോയ് വയലാറ്റ് പ്രതിയായ പോക്സോ കേസിൽ കൂട്ടുപ്രതി സൈജു എം. തങ്കച്ചനെ പൊലീസ് ചോദ്യംചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ റോയി വയലാറ്റിന് സഹായംചെയ്തത് സൈജുവാണെന്നാണ് പരാതി.
കഴിഞ്ഞ ഒക്ടോബറിൽ നമ്പർ18 ഹോട്ടലിൽ റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതി. ഇരയായ പലരെയും കൊച്ചിയിൽ എത്തിച്ചതെന്ന് പരാതിയിൽ പറയുന്ന കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ് സൈജുവിന്റെ അടുത്ത സുഹൃത്തുമാണ്.
സൈജുവിന്റെ ഫോണിൽനിന്ന് ചിത്രങ്ങളും ദൃശ്യങ്ങളുമുൾപ്പെടെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തിയെന്നും പൊലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും പ്രതികൾ ഇരയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു ചോദ്യംചെയ്യൽ. അഞ്ജലി നമ്പര്18 ഹോട്ടലില് എത്തിയിരുന്നതായി സൈജു മൊഴി നല്കി.
ആരോപണങ്ങൾ നിഷേധിച്ച് അഞ്ജലി റീമ ദേവ്
ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ആരോപണങ്ങൾ നിഷേധിച്ച് അഞ്ജലി റീമ ദേവ്. നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് പ്രതിയായ പോക്സോ കേസിലെ കൂട്ടുപ്രതിയാണ് അഞ്ജലി റീമ ദേവ്. തനിക്കെതിരെ ചിലർ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമാണ് പോക്സോ കേസെന്ന് അവർ പറഞ്ഞു.
ബിസിനസ് വിപുലമാക്കാൻ പണം കടം വാങ്ങിയിട്ടുണ്ട്. അതിന്റെ കണക്കുണ്ട്. അതിനും അപ്പുറത്ത് മനസ്സിൽപോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നതെന്നും അവർ ഫേസ്ബുക്കിലൂടെ പറഞ്ഞു. തന്‍റെ ഓഫിസിൽ ജോലി ചെയ്ത ആരും ഇങ്ങനെ പറയില്ല. ഹണിട്രാപ്പും കള്ളപ്പണ ഇടപാടുമൊക്കെ ആരാണ് ചെയ്യുന്നതെന്ന് വ്യക്തമായ ധാരണയുണ്ട്. താനത് പുറത്തു പറയാതിരിക്കാൻ വേണ്ടിയാണ് ഇതൊക്കെ അവർ കാട്ടിക്കൂട്ടുന്നതെന്നും അഞ്ജലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.