ഇനി ആനപ്പേടി വേണ്ട; മദയാനയെ ഞൊടിയിൽ തളക്കാൻ ഉപകരണവുമായി അനു വിൽഫ്രഡ്
text_fieldsതിരുവനന്തപുരം: ആനപ്പേടിയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഇന്ന് കേരളം. കാട്ടാനയും നാട്ടാനയും ഒരുപോലെ മനുഷ്യന് ഭീഷണിയാകുന്നു. ആനപ്പേടി അവസാനിപ്പിക്കുന്നതിനും ആശങ്കക്ക് പരിഹാരം കാണാനുമായി നൂതന സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ആർ ആൻഡ് ടിയിൽ ജോലിചെയ്യുന്ന അനുവിൽഫ്രഡ് എന്ന യുവാവ്. നാട്ടിലെ ഏത് മദയാനയെയും ഞൊടിയിടയിൽ തളക്കാൻ കഴിയുന്ന ‘ആക്ടീവ് എലിഫെന്റ് ലോക്കിങ് സിസ്റ്റ’വുമായാണ് ഇദ്ദേഹം ശ്രദ്ധേയമായിരിക്കുന്നത്.
മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച അനുവിൽഫ്രഡ് തിരുവനന്തപുരം, പൊഴിയൂർ സ്വദേശിയാണ്. ഒരുവർഷത്തോളം നീണ്ട ഗവേഷണഫലമാണ് കണ്ടുപിടിത്തം. ഉത്സവപ്പറമ്പിലും മറ്റും എഴുന്നള്ളിക്കുന്ന സമയത്ത് മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ ആനപോലും അറിയാതെ വളരെ ലളിതമായി തളക്കാൻ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. മദപ്പാട് കാട്ടി വളരെ വേഗം ഓടുകയാണെങ്കിലും ഈ ഉപകരണം ഉപയോഗിച്ച് വളരെ പെട്ടെന്ന് ആനയെ തളക്കാം.
പിൻകാലിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണംവഴി പിൻകാലും മുൻകാലും ഒരുമിച്ച്കൂട്ടി ലോക്ക് ചെയ്യുന്ന സംവിധാനമാണിത്. 90 കി.ഗ്രാം തൂക്കമുള്ള ചങ്ങലയാണ് സാധാരണ ആനയെ ബന്ധിക്കാൻ ഘടിപ്പിക്കുന്നതെങ്കിൽ ഇതിന് 16 കി.ഗ്രാം മാത്രമാണ് ഭാരം. ആനക്ക് ഒരുവിധ ബുദ്ധിമുട്ടും ഇതുവഴിയില്ല. 80,000 കിലോ ഭാരംവലിച്ചാലും പൊട്ടാത്ത നേർത്ത കമ്പിയാണ് ഇരുകാലുകളും ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഫുൾ റിമോട്ട് കൺട്രോൾ സിസ്റ്റം ആയതിനാൽ ദൂരെ നിന്നുകൊണ്ടുതന്നെ ആനയെ ലോക്ക് ചെയ്യാനും സാധിക്കും. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനംവഴി പ്രവർത്തിക്കുമെന്നതിനാൽ ആനയുടെ ശാരീരിക-മാനസികാവസ്ഥ മുൻകൂട്ടി അറിഞ്ഞ് ഉപകരണം തനിയെ ആനയെ ലോക്ക് ചെയ്യും.
മൊബൈൽ ഫോണുമായും ബന്ധിപ്പിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നതിനാൽ ആനയുമായി പാപ്പാന് ആശയവിനിമയത്തിനും ആരോഗ്യാവസ്ഥ മനസ്സിലാക്കാനും സാധിക്കും. മദപ്പാടുണ്ടായാൽ മയക്കുവെടി നൽകാനും ഈ ഉപകരണം വഴി സാധിക്കുമെന്നും അനു വിൽഫ്രഡ് പറയുന്നു. വനംവകുപ്പിന്റെ കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിൽ രണ്ട് ആനകളിലും മന്ത്രി ഗണേഷ്കുമാറിന്റെ ആനയിലുമടക്കം പരീക്ഷിച്ച് വിജയിച്ചെന്നും അനു അവകാശപ്പെടുന്നു. കൂടുതൽ ആനകളിൽ പരീക്ഷണം നടത്താൻ വനംവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ് പാസായ അനു വിൽഫ്രഡ് തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ െറക്കോഡിങ് തിയറ്ററിലെ ആദ്യത്തെ ഇലക്ട്രിക്കൽ എൻജിനീയറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.