പ്രചാരണത്തിന് മോദിയും എത്തുന്നു; പത്തനംതിട്ടയിൽ ചൂടേറും
text_fieldsപത്തനംതിട്ട: എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തുന്നു. 17ന് രാവിലെ 10ന് പ്രധാനമന്ത്രി പത്തനംതിട്ട നഗരത്തിൽ പ്രസംഗിക്കുമെന്നാണ് വിവരം. റോഡ് ഷോ ഉണ്ടാകുമെന്നും പറയുന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. പ്രധാന മന്ത്രി ശബരിമല സന്ദർശിച്ചേക്കുമെന്നും പറയുന്നുണ്ട്. ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് പത്തനംതിട്ട. 2019ൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച കെ. സുരേന്ദ്രൻ മൂന്ന് ലക്ഷത്തോളം വോട്ടുകൾ നേടിയിരുന്നു.
ഇവിടെ സ്ഥാനാർഥിത്വം ഉറപ്പിച്ച പി.സി. ജോർജിനെ മാറ്റി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയതും കേന്ദ്രനേതൃത്വത്തിന്റെ താൽപര്യ പ്രകാരമാണെന്നാണ് പറയുന്നത്. പത്തനംതിട്ടയുടെ കാര്യത്തിൽ ബി.ജെ.പി നൽകുന്ന പ്രാധാന്യത്തിന്റെ സൂചനയാണ് പ്രധാനമന്ത്രിയും പ്രചാരണത്തിന് എത്തുന്നത്. പ്രധാനമന്ത്രിയും എത്തുന്നതോടെ പത്തനംതിട്ടയിൽ പ്രചാരണത്തിന് ചൂടേറും. നിലവിൽ നേരത്തേ പ്രചാരണം തുടങ്ങിയ ഇടതുമുന്നണി സ്ഥാനാർഥി ഡോ. തോമസ് ഐസക് പ്രവർത്തനങ്ങളിൽ ഏറെ മുന്നോട്ടു പോയി.
പോസ്റ്ററുകളും ചുവരെഴുത്തുകളും മണ്ഡലത്തിലെങ്ങും നിറഞ്ഞു കഴിഞ്ഞു. മണ്ഡലം കൺവൻഷനും കഴിഞ്ഞതോടെ ജില്ലയിലെങ്ങും പ്രചാരണ പര്യടനത്തിലാണ് സ്ഥാനാർഥി. ആശയക്കുഴപ്പം നീങ്ങി സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയും പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. റോഡ് ഷോ ഉൾപ്പെടെയുളള പ്രചാരണ പ്രവർത്തനങ്ങൾ അടുത്ത ദിവസം നടക്കും.
വൈകിയാണ് തുടങ്ങിയതെങ്കിലും 15 വർഷമായി മണ്ഡലത്തിൽ എം.പി എന്ന നിലയിൽ ഉള്ള പ്രവർത്തനവും ബന്ധങ്ങളുംകൊണ്ട് പെട്ടന്ന് തന്നെ പ്രചാരണം ഇടതുമുന്നണിക്കൊപ്പം എത്തുമെന്ന് പ്രവർത്തകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അനിൽ ആന്റണിയാകട്ടെ തുടക്കത്തിലെ ആശയക്കുഴപ്പം നീങ്ങി പര്യടനം തുടരുകയാണ്. പ്രധാന മന്ത്രിയും എത്തുന്നതോടെ എൻ.ഡി.എ പ്രചാരണ രംഗത്ത് വലിയ തോതിൽ മുന്നേറുമെന്ന് എൻ.ഡി.എ നേതാക്കളും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.