മോദി സർക്കാർ മൂന്ന് കോടി പേർക്ക് വീടും 12 കോടി പേർക്ക് കക്കൂസും പണിതുനൽകി -ദുഷ്യന്ത് കുമാർ ഗൗതം
text_fieldsബി.ജെ.പിയെ വ്യത്യസ്തമാക്കുന്നത് കുടുംബവാഴ്ചയില്ലാത്ത ജനാധിപത്യബോധമാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ബി.ജെ.പി പ്രവർത്തകരെന്നും ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കാശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് അവിടേക്ക് പോകാൻ ഒരു പെർമിഷന്റെയും ആവശ്യമില്ലെന്ന് പറഞ്ഞത് ശ്യാമപ്രസാദ് മുഖർജിയാണ്. നെഹ്റു പ്രധാനമന്ത്രിയാവാൻ ഭാരതത്തെ വിഭജിച്ചു.
10 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ ദേശീയ താത്പര്യങ്ങൾക്ക് പ്രാധാന്യം കൽപ്പിച്ച് നെഹ്റുവിന്റെ കോൺഗ്രസിനോട് പൊരുതിയാണ് ബി.ജെ.പി വളർന്നത്. ഇന്ന് ബി.ജെ.പി നല്ല ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്നത് ഉറച്ച നിലപാടിന്റെ അടിസ്ഥാനത്തിലാണ്. കോൺഗ്രസ് നിരന്തരമായി ദാരിദ്ര്യ നിർമാർജനത്തെ പറ്റി സംസാരിച്ചെങ്കിൽ ബി.ജെ.പി അത് പ്രാവർത്തികമാക്കി. ജനക്ഷേമത്തിന് വേണ്ടി മോദി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കി.
പത്ത് കോടി ഗ്യാസ് കണക്ഷനുകൾ പാവപ്പെട്ടവർക്ക് നൽകി. മൂന്ന് കോടി പേർക്ക് വീടും 12 കോടി പേർക്ക് കക്കൂസ് നിർമിച്ച് നൽകി. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയും വെള്ളവുമെത്തിച്ചു. സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികളാണ് വിജയകരമായി നടപ്പിലാക്കുന്നത്. ഒമ്പത് വർഷക്കാലത്തെ ഭരണത്തിൽ ഒരു അഴിമതി പോലും ഉണ്ടായില്ല. എല്ലാ അഴിമതികളും ഇല്ലാതാക്കി.
അദാനിയുടെ പേര് പറഞ്ഞ് സർക്കാരിനെ ആക്രമിക്കുന്നത് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ്. കമ്മീഷൻ കിട്ടാത്തതാണ് കോൺഗ്രസുകാരെ അസ്വസ്ഥമാക്കുന്നത്. അഴിമതിമുക്ത ഭരണമാണ് മോദി സർക്കാർ നടത്തുന്നത്. കോൺഗ്രസിന്റെ ഭരണകാലത്ത് ശ്രീനഗറിലെ ലാൽചൗക്കിൽ ദേശീയപതാക ഉയർത്താൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് ലാൽചൗക്കിൽ മാത്രമല്ല കാശ്മീരിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയത്തുന്നുണ്ടെന്നും ദുഷ്യന്ത് കുമാർ ഗൗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.