മോദി സർക്കാർ ചുമത്തിയത് 26 ലക്ഷം കോടിയുടെ നികുതി -സുപ്രിയ ശ്രീനാഥെ
text_fieldsകൊച്ചി: മോദി സർക്കാറിന്റെ വിലവർധന സാധാരണക്കാരുടെ കുടുംബബജറ്റ് താളം തെറ്റിച്ചെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ. സാധാരണക്കാർക്ക് മേൽ 26 ലക്ഷം കോടിയുടെ ഉയർന്ന നികുതി ചുമത്തിയ മോദി സർക്കാർ സമ്പന്നരുടെ 10.86 ലക്ഷം കോടിയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. ലോകത്ത് എൽ.പി.ജിക്ക് ഏറ്റവും ഉയർന്ന വില ഇന്ത്യയിലാണ്. ആഗോളതലത്തിൽ പെട്രോളിന്റെ വിലയിൽ മൂന്നാം സ്ഥാനത്തും ഡീസൽ വിലയിൽ ഏഴാം സ്ഥാനത്തുമാണ് ഇന്ത്യ.
16 ദിവസങ്ങൾക്കുള്ളിൽ 14 പ്രാവശ്യമാണ് ഡീസലിന്റെയും പെട്രോളിന്റെയും വില വർധിപ്പിച്ചതെന്ന് കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ അവർ ചൂണ്ടിക്കാട്ടി. ആറു മാസത്തിനിടെ ഗാർഹിക ചെലവിൽ 9.3 ശതമാനം വർധനയാണ് ഉണ്ടായത്. രണ്ടു വർഷത്തിനിടെ 44.97 ശതമാനവും വർധിച്ചു. എട്ടുവർഷത്തെ മോദി ഭരണം ഭക്ഷ്യധാന്യ മേഖലകളിലെല്ലാം അന്യായ വിലക്കയറ്റമാണ് സൃഷ്ടിച്ചത്. ടോൾ നിരക്ക് വർധനയും അവശ്യമരുന്നുകളുടെ പോലും വില വർധിപ്പിച്ചതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിർമാണച്ചെലവുകളും അനിയന്ത്രിതമായി വർധിക്കുകയാണെന്നും അവർ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തർ എം.പി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.