കരുവന്നൂരിൽ പണം നഷ്ടമായവർക്ക് മോദി സർക്കാർ പണം നൽകും -അമിത് ഷാ
text_fieldsആലപ്പുഴ: കരുവന്നൂർ സഹകരണ ബാങ്കിൽ പണം നഷ്ടമായവർക്ക് നരേന്ദ്ര മോദി സർക്കാർ പണം തിരികെ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ. ഇരുമുന്നണികളും കേരളത്തിലെ സഹകരണ മേഖലയെ കൊള്ളയടിക്കുകയാണ്. പുന്നപ്രയിൽ എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും സി.പി.എമ്മും മത്സരിക്കുന്നത് രാജ്യവിരുദ്ധരുടെ പിന്തുണയോടെയാണ്. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റ് ആക്കാൻ ശ്രമിക്കുന്ന വെൽഫെയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിനാണ്. എസ്.ഡി.പി.ഐ പിന്തുണക്കുന്നതും കോൺഗ്രസിനെയാണ്. സി.പി.എമ്മിനൊപ്പമാണ് പി.ഡി.പി. എസ്.ഡി.പി.ഐയുടെ പിന്തുണക്കായി സി.പി.എമ്മും ശ്രമിക്കുന്നു. ഇത്തരക്കാർക്ക് വോട്ട് നൽകണോയെന്ന് ആലപ്പുഴക്കാർ ചിന്തിക്കണം. കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയായിരുന്നു. മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളംകാലം പി.എഫ്.ഐ പോലുള്ള സംഘടനകളെ വെച്ചുപൊറുപ്പിക്കില്ല.
ആലപ്പുഴയിലെ കരിമണൽ അനധികൃതമായി ഖനനം ചെയ്ത് കമ്യൂണിസ്റ്റ് പാർട്ടി വിദേശത്തേക്ക് അയക്കുന്നു. കരിമണൽ അഴിമതിയിൽ കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒരു മുന്നണിയാണ്.
ലോകത്ത് കമ്യൂണിസ്റ്റ് പാർട്ടികൾ അസ്തമിച്ചിരിക്കുകയാണ്. രാജ്യത്ത് കോൺഗ്രസും ഇല്ലാതാകുകയാണ്. ഇനി വരാൻ പോകുന്നത് ബി.ജെ.പിയുടെ ദിനങ്ങളാണ്. രാജ്യത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്. കേരളത്തെ അക്രമത്തിൽനിന്ന് മോചിപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പുമാണ്.
കശ്മീരിനും കേരളത്തിനും തമ്മിൽ എന്ത് ബന്ധമാണെന്നാണ് കോൺഗ്രസുകാർ ചോദിക്കുന്നത്. കേരളത്തിലെ യുവാക്കൾ കശ്മീരിനുവേണ്ടി മരിക്കാൻ വരെ തയാറാവുന്നവരാണെന്നതാണ് അതിനുള്ള മറുപടി.
ആർട്ടിക്കിൾ 370 കോൺഗ്രസ് 70 വർഷമായി സംരക്ഷിക്കുകയായിരുന്നു. കശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യഘടകമായി മാറ്റിയത് നരേന്ദ്ര മോദി സർക്കാറാണ്.
ഭീകരവാദത്തിൽനിന്നും നക്സൽ വാദത്തിൽനിന്നും മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. എൻ.ഡി.എയുടെ ആലപ്പുഴയിലെ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.