മോദി സര്‍ക്കാറിന്റെ തീരുമാനം ജനാധിപത്യത്തിന് കളങ്കം’; ജസ്റ്റിസ് അബ്ദുൽ നസീറിന്റെ നിയമനത്തിനെതിരെ എ.എ റഹീം എം.പി
text_fieldsസുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചതിനെതിരെ എ.എ. റഹീം എം.പി. കേന്ദ്രസര്‍ക്കാറിന്റെ നീക്കം ഭരണഘടന മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംഘ്പരിവാർ അഭിഭാഷക സംഘടന അഖിൽ ഭാരതീയ അധിവക്ത പരിഷത്തിന്റെ 2021ലെ നാഷനൽ കൗൺസിൽ മീറ്റിങ്ങിൽ പങ്കെടുത്ത് ഇന്ത്യൻ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടർച്ചയായി അവഗണിക്കുകയാണെന്ന് പറഞ്ഞയാളാണ് അദ്ദേഹം. നിയമവ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ടുകൂടാ. മോദി സര്‍ക്കാറിന്റെ ഇത്തരം തീരുമാനങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമാണെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
സുപ്രീം കോടതിയിൽ നിന്നും ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീർ വിരമിച്ചത് ഇക്കഴിഞ്ഞ ജനുവരി നാലിന്. ഇന്നേക്ക് കഷ്ടിച്ച് വെറും ആറ് ആഴ്ച മാത്രമാകുന്നു. ഇന്ന് അദ്ദേഹത്തെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചു. അയോധ്യ കേസിൽ അന്തിമ വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്നു ഇദ്ദേഹം എന്നോർക്കണം. 2021 ഡിസംബർ 26ന് ഹൈദരാബാദിൽ നടന്ന അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് നാഷനൽ കൗൺസിൽ മീറ്റിങ്ങിൽ അദ്ദേഹം പങ്കെടുത്തത് വിവാദമായിരുന്നു. സംഘ്പരിവാർ അഭിഭാഷക സംഘടനയാണിത്. അവിടുത്തെ പ്രസംഗത്തിൽ, "ഇന്ത്യൻ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടർച്ചയായി അവഗണിക്കുകയാണെന്ന്" അഭിപ്രായപ്പെട്ട ആളാണ് ശ്രീ അബ്ദുൽ നസീർ.
ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപൻ പുലർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ഈ വാക്കുകളിൽ കണ്ടത്. ഇപ്പോൾ അദ്ദേഹത്തിന് ഗവർണർ പദവി ലഭിച്ചിരിക്കുന്നു. ഭരണഘടനാപരമായ മൂല്യങ്ങൾക്ക് ചേർന്നതല്ല ഈ കേന്ദ്രസർക്കാർ നീക്കം. ജസ്റ്റിസ് അബ്ദുൽ നസീറിനെ ഗവർണറായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. അത്തരം ഒരു വാഗ്ദാനം ജസ്റ്റിസ് അബ്ദുൽ നസീർ നിരസിക്കുകയാണ് വേണ്ടത്. നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ട് കൂടാ. മോദി സർക്കാറിന്റെ ഇത്തരം തീരുമാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.