മനുസ്മൃതി ഭരണഘടനയാക്കാൻ മോദി ശ്രമിക്കുന്നു -സുഭാഷിണി അലി
text_fieldsആലപ്പുഴ: നരേന്ദ്ര മോദി സ്ത്രീവിരുദ്ധമായ മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയാക്കാൻ ശ്രമിക്കുന്നതായി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ വൈസ് പ്രസിഡന്റ് സുഭാഷിണി അലി. ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ ജനാധിപത്യ മഹിള അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
യു.പിയിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ക്ഷത്രിയനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് പെൺകുട്ടി കള്ളം പറയുന്നുവെന്നാണ്. കുട്ടി മരിച്ചുകഴിഞ്ഞാണ് കേസെടുത്തത്. തെളിവുനശിപ്പിക്കാൻ മൃതദേഹം കത്തിച്ചുകളഞ്ഞു. ഇര താഴ്ന്നജാതിക്കാരനെങ്കിൽ മനുസ്മൃതിയിൽ ചെറിയ ശിക്ഷയാണ്. ഉയർന്ന ജാതിക്കാർക്കെതിരെ താഴ്ന്നജാതിക്കാർ കുറ്റം ചെയ്താൽ പീഡിപ്പിച്ചു കൊല്ലും.
ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രസംഗിച്ചത് ഇന്ത്യയിലെ സ്ത്രീകൾ അപമാനിതരാകില്ലെന്നാണ്. അന്നുതന്നെയാണ് ബിൽകീസ് ബാനുവിന്റെ കുടുംബത്തിലെ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും 12 പേരെ കൊല്ലുകയും ചെയ്ത 11 ക്രിമിനലുകളെ വിട്ടയച്ചത്. പ്രതികൾ ബ്രാഹ്മണരാണെന്ന വാദം അംഗീകരിച്ചാണിത്. അംബേദ്കറെ അംഗീകരിക്കാത്തതിന് കാരണം ജാതീയതയായിരുന്നുവെന്നും അവർ പറഞ്ഞു.
അഖിലേന്ത്യ സെക്രട്ടറി മറിയം ധാവ്ല, സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, സോഫിയ മെഹർ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, പി. സതീദേവി, പി.കെ. സൈനബ, ടി.വി. അനിത, കെ.ജി. രാജേശ്വരി, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ എന്നിവർ സംസാരിച്ചു. 'വർഗീയതയും സമകാലീന ഇന്ത്യയും' സെമിനാർ പ്രഫ. മാലിനി ഭട്ടാചാര്യ ഉദ്ഘാടനം ചെയ്തു. യു. വാസുകി വിഷയം അവതരിപ്പിച്ചു. ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി പതാക ഉയർത്തി. ചൊവ്വാഴ്ച രാവിലെ 9.30ന് പ്രതിനിധിസമ്മേളനം തുടരും. ബുധനാഴ്ച വൈകീട്ട് മൂന്നിന് ആലപ്പുഴ നഗരത്തിൽ ഒരു ലക്ഷം പേരുടെ പ്രകടനം നടക്കും. നാലിന് ഇ.എം.എസ് സ്റ്റേഡിയത്തിൽ പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.