മോദി മോഡൽ നിയമസഭയിൽ നടപ്പാക്കാൻ അനുവദിക്കില്ല -ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: ലോക്സഭയിലെ നരേന്ദ്ര മോദി മോഡൽ നിയമസഭയിലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഷാഫി പറമ്പിൽ എം.എൽ.എ. മോദിയും പിണറായിയും ഇക്കാര്യത്തിൽ ഒരുപോലെയാണ്. രണ്ടുപേരും പ്രതിപക്ഷ അവകാശങ്ങൾ ഹനിക്കുന്നതിൽ മത്സരിക്കുന്നു. ആ മാതൃക തുടരാൻ ശ്രമിച്ചാൽ ചെറുക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പ്രതിപക്ഷത്തിന് ജനങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി അവതരിപ്പിക്കാനാകുന്ന മാർഗമാണ് അടിയന്തര പ്രമേയം. രണ്ടു മിനിറ്റിന്‍റെ സബ്മിഷനും ഒരു മിനിറ്റ് മറുപടിയുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രതിപക്ഷം പറയുന്നത് കേട്ടിരിക്കാനുള്ള കെൽപും ആർജവവും മുഖ്യമന്ത്രിക്കില്ല. പ്രതിപക്ഷ നേതാവിനുശേഷം വീണ്ടും സർക്കാർ മറുപടി വേണമെന്ന് ആലോചിക്കുന്നുണ്ട്.
പ്രതിപക്ഷ അവകാശം ഹനിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാൻ സഭയെ ബോധപൂർവം സംഘർഷത്തിലേക്ക് തള്ളിവിടുകയാണ്. ജനാധിപത്യപരമായ പ്രതിഷേധം വാച്ച് ആൻഡ് വാർഡിനെ വെച്ച് തല്ലിയൊതുക്കാൻ നോക്കുന്നു. മുഖ്യമന്ത്രി പ്രതിപക്ഷാംഗങ്ങളെ വാച്ച് ആൻഡ് വാർഡിന് ക്വട്ടേഷൻ കൊടുത്തിരിക്കുകയാണെന്ന് തോന്നും വിധമാണ് കാര്യങ്ങൾ.
സ്പീക്കർ ഇതിന്‍റെ ഇടനിലക്കാരനാകുകയാണ്. സ്പീക്കറെ തടയൽ ഞങ്ങളുടെ ലക്ഷ്യമല്ല. കെ.കെ. രമയുടെ കൈ താൻ കെട്ടിക്കൊടുക്കുന്ന ചിത്രങ്ങൾ വരെ വ്യാജമായി പ്രചരിപ്പിച്ചു. അന്ന് താൻ സഭയിലുണ്ടായിരുന്നില്ല. നിയമസഭയിലെ പത്രസമ്മേളന ഹാളിൽ സ്പെഷൽ ബ്രാഞ്ച് പൊലീസ് കയറുന്നെങ്കിൽ ഗൗരവമായി കാണണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.