മോദി-പിണറായി കൂടിക്കാഴ്ച ഇന്ന്
text_fieldsന്യൂഡൽഹി/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ 10 .45നാണ് പിണറായി വിജയന് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രി തിങ്കളാഴ്ച ഡൽഹിയിലെത്തി.
മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച കരുതൽമേഖല, സംസ്ഥാന സർക്കാറിന്‍റെ സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിക്കുന്ന സിൽവർ ലൈൻ തുടങ്ങിയവ ചർച്ച വിഷയമാകുമെന്നാണ് കരുതുന്നത്. വിവിധ പദ്ധതികൾക്കുള്ള വായ്പപരിധി ഉയർത്തണമെന്ന ആവശ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിക്കുമുന്നിൽ ഉന്നയിക്കും.
സുപ്രീംകോടതി വിധിയായതിനാൽ കരുതൽ മേഖല വിഷയത്തിൽ കാര്യമായ ഇടപെടലുകൾക്ക് കേന്ദ്രത്തിനും പരിമിതിയുണ്ടെങ്കിലും ജനസാന്ദ്രതയേറിയ ഭൂപ്രദേശമെന്ന നിലയിൽ സംസ്ഥാന സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നാണ് വിവരം.
വളരെ കുറഞ്ഞ ഭൂവിസ്തൃതിയുള്ള സംസ്ഥാനത്തിന്‍റെ 30 ശതമാനത്തോളം വനവും ആകെ ഭൂപ്രദേശത്തിന്‍റെ 48 ശതമാനത്തോളം പശ്ചിമഘട്ട മലനിരകളും 590 കി.മീ. കടല്‍തീരവുമാണ്. ജനസാന്ദ്രതയാകട്ടെ, ചതുരശ്ര കിലോമീറ്ററില്‍ 900ന് മുകളിലും. ഇക്കാര്യങ്ങൾ മുൻനിർത്തിയാകും കരുതൽ മേഖലയിലെ ചർച്ച.
ഡി.പി.ആർ അപൂർണമെന്ന് റെയിൽവേ മന്ത്രാലയം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സിൽവർ ലൈൻ വിഷയത്തിലെ കൂടിക്കാഴ്ച. കരുതൽ മേഖലയെ അപേക്ഷിച്ച് കേന്ദ്ര ഇടപെടലുകൾക്ക് സാധ്യതയുള്ളതും സിൽവർലൈനിലാണ്.പദ്ധതിക്ക് അനുമതിതേടി നേരത്തേ മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന് അനുബന്ധമായാണ് കൂടിക്കാഴ്ച.
സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി ബുധനാഴ്ചവരെ ഡൽഹിയിലുണ്ട്. ചീഫ് സെക്രട്ടറി വി.പി. ജോയി മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഇതിൽ തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.