മോദി രാഹുൽ ഗാന്ധിയെ ഭയക്കാൻ തുടങ്ങി; ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി
text_fieldsകണ്ണൂർ: നരേന്ദ്ര മോദിയും ബി.ജെ.പിയും രാഹുൽ ഗാന്ധിയെ ഭയപ്പെടാൻ തുടങ്ങിയതായി മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഉത്തരേന്ത്യൻ സാന്നിധ്യത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബി.ജെ.പി ഭയക്കുന്നുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന കാണിക്കുന്നത്. കൂടുതൽ സീറ്റുകൾ ഉത്തരേന്ത്യയിൽ ഇൻഡ്യ മുന്നണി നേടുമെന്നും ബി.ജെ.പി ഭയക്കുന്നുണ്ട്.
ഇന്ത്യ രക്ഷപ്പെടണമെങ്കിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് കിട്ടണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഹുൽ ഗാന്ധി കേരളം വിടുമെന്നാണ് പ്രധാനമന്ത്രി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. രാഹുൽ ഉത്തരേന്ത്യയിലേക്ക് വരുന്നതിനെ ബി.ജെ.പി നന്നായി ഭയക്കുന്നതാണ് ഈ പ്രസ്താവനക്ക് പിന്നിലുള്ളത്. എന്തുകൊണ്ട് ഈ ഭയം എന്നത് ജനങ്ങൾ അറിയേണ്ടതുണ്ട്. ബി.ജെ.പിക്ക് കോൺഫിഡൻസ് നഷ്ടപ്പെട്ടിരിക്കുകയാണ്. ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടും. ഭൂരിപക്ഷത്തിന് അടുത്തുപോലും എത്തില്ല. രാജ്യത്താകെ നിശ്ശബ്ദമായ മാറ്റം നടക്കുകയാണ്. ബി.ജെ.പി അങ്കലാപ്പിലാണ്. ഇൻഡ്യ മുന്നണിക്ക് നല്ല പ്രതീക്ഷയാണ്. രാഹുൽ ഗാന്ധിക്ക് കേരളത്തിൽ ഭൂരിപക്ഷം വർധിക്കണം എന്നാണ് കേരളം ആഗ്രഹിക്കുന്നത്.
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൽ ആർക്കും ഇഷ്ടക്കേടൊന്നുമില്ല. ലക്ഷ്യം ഇൻഡ്യ മുന്നണി ഭൂരിപക്ഷം നേടുകയെന്നതു മാത്രമാണ്. ആ ലക്ഷ്യം സാധിക്കാൻ പോകുകയാണ്. കേരളത്തിൽ യു.ഡി.എഫ് തരംഗമുണ്ട്. കേന്ദ്രത്തിലായാലും കേരളത്തിലായാലും സർക്കാർ മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇത്തവണ കള്ളവോട്ടൊന്നും സി.പി.എമ്മിന് ചെയ്യാനാവില്ല. യു.ഡി.എഫ് പ്രവർത്തകർ ഏറെ ജാഗ്രതയിലാണ്. എല്ലാ ബൂത്തുകളിലും പ്രവർത്തകർ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.