ബി.ജെ.പിയുടെ ആളായല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയായാണ് മോദിയെ പരിപാടിക്ക് ക്ഷണിച്ചത് -ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
text_fieldsതൃശൂർ: ഡൽഹിയിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന് പ്രധാനമന്ത്രി വന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രിയുടെ അംഗീകാരം സി.ബി.സി.ഐ സ്വീകരിക്കുന്നുവെന്നും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പും സി.ബി.സി.ഐ പ്രസിഡന്‍റുമായ മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.
ക്രൈസ്തവർ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞു.അതിലുള്ള വേദനയും അദ്ദേഹത്തെ അറിയിച്ചു. ഭരണഘടന അനുസരിച്ച് എല്ലാവരെയും ഉൾക്കൊള്ളിച്ച് വേണം ഭാരതത്തിന്‍റെ വളർച്ച കൈവരിക്കാൻ എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്.
ഞങ്ങൾ ക്ഷണിച്ചത് ബി.ജെ.പിയുടെ ആളെയല്ല, ഇന്ത്യൻ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയിൽനിന്നും പോസിറ്റീവായ മറുപടിയാണ് ലഭിച്ചത്. രാഷ്ട്രീയ പാർട്ടി നോക്കിയല്ല വിളിച്ചത്.മാർ മിലിത്തിയോസിന്‍റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ടാകുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
പാലക്കാട് ചിറ്റൂർ തത്തമംഗലത്തും നല്ലേപ്പിള്ളിയിലും ക്രിസ്മസ് ആഘോഷത്തിന് നേരെ സംഘ് പരിവാർ സംഘടനകൾ അക്രമം നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യമുള്ള ഭരണഘടനയാണ് ഇന്ത്യയുടേത്’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മതസൗഹാർദത്തോടെ പ്രവർത്തിക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. അതിന് എതിരായി നിർബന്ധ ബുദ്ധിയോടെ പ്രവർത്തിക്കുന്നത് തെറ്റാണ്. ആക്രമണങ്ങളെ ഇന്ത്യയിൽ ഒരു പൗരനും അംഗീകരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.