കേരളത്തിൽ മോദി തരംഗം -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: കേരളത്തിൽ മോദി തരംഗമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനം ഇത്തവണ കേന്ദ്രസർക്കാരിന്റെ മികച്ച ഭരണത്തിനുള്ള പോസിറ്റീവ് വോട്ടാണ് രേഖപ്പെടുത്തിയത്. മോദി ഗ്യാരന്റി വോട്ടർമാർ ഏറ്റെടുത്തിരിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അത്തോളി മൊടക്കല്ലൂർ എ.യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം നല്ല വിജയം നേടും. ഇടത്-വലത് മുന്നണികളുടെ നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കുന്നതിലൂടെ വയനാടിനെ ചതിക്കുകയാണ്.
ധാർമികതയുണ്ടായിരുന്നെങ്കിൽ താൻ വീണ്ടും അമേത്തിയിൽ മത്സരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. ഈ ചതിക്ക് വയനാടൻ ജനത ഉചിതമായ മറുപടി നൽകും. ജൂൺ നാലിന് ശേഷം ഇരു മുന്നണികളിൽ നിന്നും നിരവധി വലിയ നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ഭാര്യ ഷീബയുടെയും മകൾ ഗായത്രി ദേവിയുടെയും കൂടെയായിരുന്നു സുരേന്ദ്രൻ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.