‘മോദിയുടെ ഗാരന്റി’ -കേരള ബി.ജെ.പിയുടെ പ്രചാരണ മുദ്രാവാക്യം
text_fieldsതൃശൂർ: തൃശൂരിൽ നടന്ന മഹിള സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ‘മോദിയുടെ ഗാരന്റി’ പ്രയോഗം ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണ മുദ്രാവാക്യമാകും. പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ സജീവ ചർച്ചയാക്കാനും സന്ദർശനശേഷം ചേർന്ന നേതാക്കളുടെ വിലയിരുത്തൽ യോഗത്തിൽ തീരുമാനമായി. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന പൊതുസമ്മേളനം തൃശൂരിലും തിരുവനന്തപുരത്തുമായി നടത്താനും പദ്ധതിയുണ്ട്. തൃശൂരിൽ പുതിയ ജില്ല കാര്യാലയ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാകും പരിപാടി. ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയും പങ്കെടുക്കും.
കേന്ദ്രസർക്കാറിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനുള്ള മികച്ച പ്രയോഗമായാണ് ‘മോദിയുടെ ഗാരന്റി’യെ സംസ്ഥാന ബി.ജെ.പി കാണുന്നത്. ഈമാസം 27ന് തുടങ്ങുന്ന, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ പ്രചാരണ വാചകവും ‘മോദിയുടെ ഗാരന്റി പുതിയ കേരളത്തിന്’ എന്നാക്കി.
ഒരു ലോക്സഭ മണ്ഡലത്തിൽ രണ്ട് കേന്ദ്രമെന്ന നിലയിൽ സ്വീകരണവും പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയും ആസൂത്രണം ചെയ്യുന്നുണ്ട്. വികസന അഭിപ്രായം തേടാൻ ജനസദസ്സും സംഘടിപ്പിക്കും. ക്രൈസ്തവ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ‘സ്നേഹയാത്ര’ തുടരും. കർഷക, മതന്യൂനപക്ഷ, പട്ടികജാതി വിഭാഗ സംഗമങ്ങൾ നടത്താനും തീരുമാനിച്ചതായി കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, സഹപ്രഭാരി രാധാമോഹൻ അഗർവാൾ എം.പി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന വിലയിരുത്തൽ യോഗത്തിൽ ദേശീയ നേതാക്കളും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.