കോവിഡ് സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം: പിഴ ചുമത്തിയതിനെതിരെ നൽകിയ അപ്പീലും തള്ളി
text_fieldsകൊച്ചി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയത് ചോദ്യം ചെയ്യുന്ന ഹരജി ഒരു ലക്ഷം രൂപ പിഴചുമത്തി സിംഗിൾബെഞ്ച് തള്ളിയതിനെതിരെ ഹരജിക്കാരനായ കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ നൽകിയ അപ്പീലും ഹൈകോടതി തള്ളി.
വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് പരസ്യമായി കാണാൻ കഴിയില്ലെന്നും വാക്സിനേഷനുമായി ബന്ധപ്പെട്ട് സന്ദേശം നൽകാൻ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്നാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് വ്യക്തമാക്കി അപ്പീൽ തള്ളിയത്.
വിധിന്യായം പുറത്തുവന്നിട്ടില്ലാത്തതിനാൽ ഹരജിക്കാരന് സിംഗിൾ ബെഞ്ച് ചുമത്തിയ പിഴ ഒഴിവാക്കിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റ് കൈവശം വെക്കുന്നതിൽ ആരും ലജ്ജിക്കേണ്ടതില്ലെന്നും വിചിത്രവും ബാലിശവുമായ വാദങ്ങളാണ് ഹരജിക്കാരൻ ഉന്നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഡിസംബർ 21നാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്.
സ്വത്തു തർക്കങ്ങൾ, വിവാഹ സംബന്ധമായ കേസുകൾ തുടങ്ങി ആയിരക്കണക്കിന് കേസുകൾ ഹൈകോടതിയുടെ തീർപ്പിനായി കാത്തുകിടക്കുന്നുണ്ട്. ഇവയൊക്കെ എത്രയും വേഗം പരിഗണിച്ച് തീർക്കുന്നതിനിടെ ഇത്തരം ബാലിശമായ ഹരജികൾ നൽകുന്നത് അംഗീകരിക്കില്ലെന്ന് സമൂഹത്തെയും ഹരജിക്കാരനെയും ബോധ്യപ്പെടുത്താനാണ് വൻതുക പിഴ ചുമത്തുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ സർട്ടിഫിക്കറ്റിൽ അനാവശ്യമായി പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവുണ്ടെന്നുമായിരുന്നു അപ്പീലിലെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.