മോദിയുടെ തൃശൂർ പ്രസംഗം ‘സെൽഫ് ഗോൾ’
text_fieldsസ്വർണക്കടത്ത് അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയില്ല? മുഖ്യ എതിരാളി കോൺഗ്രസിന് ശക്തമായ ആയുധമായി പ്രസംഗം മാറുകയും ചെയ്തു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ പ്രസംഗത്തിലെ സ്വർണക്കടത്ത് പരാമർശം സെൽഫ് ഗോളായി. സ്വർണക്കടത്തിനെ കുറിച്ച് അറിയാമെങ്കിൽ പ്രധാനമന്ത്രി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന മറുചോദ്യത്തിന് ബി.ജെ.പിക്ക് മറുപടിയില്ല. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് കേരളത്തിൽ സ്വർണ കള്ളക്കടത്ത് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിലായ സ്വർണക്കടത്ത് വിവാദം പ്രധാനമന്ത്രി പരാമർശിച്ചത്. വിപരീതഫലമാണ് അതുണ്ടാക്കിയത്. മാത്രമല്ല, മുഖ്യ എതിരാളി കോൺഗ്രസിന് ശക്തമായ ആയുധമായി അത് മാറുകയും ചെയ്തു.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരൻ മാസങ്ങളോളം ജയിലിലായി. കൂട്ടുപ്രതി യു.എ.ഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയും കുടുംബവുമായുള്ള അടുപ്പവും പുറത്തുവന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് സ്വപ്ന സുരേഷ് പലകുറി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകി. എന്നാൽ, കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങിയില്ല.
മുഖ്യമന്ത്രിയുടെ വിശ്വസ്തനും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. സ്വർണക്കടത്ത് കേസന്വേഷണം എങ്ങുമെത്താത്തതും ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ കൊടകര കേസ് തേഞ്ഞുമാഞ്ഞതും പിണറായി-മോദി ഒത്തുകളിയാണെന്നത് കോൺഗ്രസ് നേരത്തേ ഉന്നയിക്കുന്ന ആക്ഷേപമാണ്. പ്രധാനമന്ത്രിയുടെ തൃശൂർ പ്രസംഗം ഒത്തുകളി ആക്ഷേപത്തിന് തെളിവായി ഉയർത്തിക്കാട്ടുകയാണ് കോൺഗ്രസ്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെ ഇക്കാര്യം ഉന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസ് നേതാക്കളുടെ ചോദ്യത്തിന് ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നുള്ള മറുപടി ദുർബലമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെയുള്ള പ്രധാനമന്ത്രിയുടെ തൃശൂരിലെ കടന്നാക്രമണം തീർച്ചയായും പരിക്കേൽപിച്ചിട്ടുണ്ട്. കോൺഗ്രസ് ഉയർത്തുന്ന ഒത്തുകളി പ്രചാരണം ശക്തമായതോടെ ഇരട്ടപ്രഹരമായി അത് മാറി.
കേന്ദ്രം എന്ത് ചെയ്തുവെന്ന് സുധാകരൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കള്ളക്കടത്തുകാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. സ്വര്‍ണക്കള്ളക്കടത്ത് കേസുണ്ടായപ്പോള്‍ കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇരമ്പിക്കയറിയത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഏജന്‍സികളെല്ലാം വന്നതിലും വേഗത്തിൽ തിരിച്ചുപോയി. മാത്രമല്ല, ബി.ജെ.പി വോട്ട് മറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തു.
സ്വര്‍ണക്കടത്ത് കേസ് നിര്‍ജീവമാക്കിയതിനോടൊപ്പം ലാവലിന്‍ കേസ് 38 തവണ മാറ്റിവെച്ചതും കൂട്ടിവായിക്കേണ്ടതാണ്. പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നത്. നവകേരള യാത്രയില്‍ മോദിക്കെതിരെ ഒരക്ഷരംപോലും മുഖ്യമന്ത്രി ഉരിയാടിയില്ല. ബി.ജെ.പി നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പുള്ള കൊടകര കുഴല്‍പ്പണക്കേസും ഒത്തുതീര്‍ന്നെന്നും സുധാകരൻ കുറ്റപ്പെടുത്തി.
തെളിയുന്നത് സി.പി.എം-ബി.ജെ.പി ഗൂഢബന്ധം -സതീശൻ
ന്യൂഡൽഹി: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയുമായുള്ള വഴിവിട്ട ബന്ധം ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ നടത്തിയ പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണ കള്ളക്കടത്തിൽ ഉൾപ്പെട്ടത് ഏത് ഓഫിസാണെന്ന് അറിയാമെന്നാണ് മോദി പ്രസംഗിച്ചത്. പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫിസിനെ എന്തുകൊണ്ടാണ് വെറുതെ വിട്ടത്? -സതീശൻ ചോദിച്ചു.
ഇന്ത്യയിലെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവര്‍ത്തകരുടെയും ഓഫിസുകള്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് ചെയ്യുകയാണ്.
കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഓഫിസിൽ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് റെയ്ഡ് നടത്താതിരുന്നത്? കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തെ കേരള സര്‍ക്കാര്‍ സഹായിച്ചു. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികളും സംരക്ഷിച്ചു. 38 തവണയാണ് ലാവ്ലിൻ കേസ് മാറ്റിവെച്ചത് -സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.