കയർത്തു സംസാരിച്ചു, മനോവിഷമമുണ്ടാക്കി; മൊഫിയയുടെ മരണത്തിൽ സി.ഐ സുധീറിനെതിരെ എഫ്.ഐ.ആർ
text_fieldsകൊച്ചി: ആലുവയിലെ നിയമ വിദ്യാർഥിനി മൊഫിയ പർവീണിന്‍റെ ആത്മഹത്യ കേസിൽ ആലുവ ഇൗസ്റ്റ് മുൻ സി.ഐ സുധീറിനെതിരെ പൊലീസ് എഫ്.ഐ.ആറിൽ പരാമർശം. സുധീറിന്‍റെ പെരുമാറ്റമാണ് മൊഫിയയെ മരണത്തിലേക്ക് നയിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആറിലാണ് സി.ഐക്കെതിരായ പരാമർശം. മൊഫിയയുടെ ബന്ധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്‍റെ പേരും എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭർത്താവ് സുഹൈലിന്‍റെ പീഡനത്തെ തുടർന്ന് മൊഫിയ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതി പരിഹരിക്കുന്നതിന് ഇരുകൂട്ടരെയും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സംസാരത്തിനിടെ മൊഫിയ സുഹൈലിന്‍റെ കരണത്തടിച്ചു. ഇതുകണ്ട സി.ഐ സുധീർ കയർത്തു സംസാരിച്ചു. ഇതോടെ തനിക്ക് നീതികിട്ടില്ലെന്ന് മനസിലാക്കിയ മനോവിഷമത്തിൽ മൊഫിയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഉച്ച 12നും വൈകിട്ട് ആറുമണിക്കും ഇടയിലാണ് മൊഫിയ ആത്മഹത്യ ചെയ്തതെന്നും പറയുന്നു.
സി.ഐ സുധീറിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. േകസുമായി ബന്ധപ്പെട്ട് സുധീറിനെതിരെ അന്വേഷണവും പ്രഖ്യാപിക്കുകയും ചെയ്തു. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമീഷണർക്കാണ് അന്വേഷണ ചുമതല.
ഭർതൃപീഡനത്തെ തുടർന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ മൊഫിയ വീട്ടിൽ തിരിച്ചെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യകുറിപ്പും കണ്ടെടുത്തിരുന്നു. സ്റ്റേഷനിൽവെച്ച് സുധീർ അധിക്ഷേപിച്ചുവെന്ന് കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. ഭർത്താവ് സുഹൈലാണ് കേസിൽ ഒന്നാംപ്രതി. ഭർതൃമാതാവ് റുഖിയ രണ്ടാം പ്രതിയും ഭർതൃപിതാവ് മൂന്നാംപ്രതിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.