മൊഫിയയുടെ ആത്മഹത്യ; സിഐക്കെതിരെ പിതാവ് കോടതിയിലേക്ക്
text_fieldsആലുവ: നിയവിദ്യാർഥിനിയായിരുന്ന മൊഫിയ പർവീനിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ മുൻ സി.ഐക്കെതിരെ മൊഫിയയുടെ പിതാവ് കോടതിയിലേക്ക്. മകളുടെ മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്‌ഥനെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് പിതാവ് ദിൽഷാദ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.നവംമ്പർ 22നാണ് മൊഫിയ ആലുവ എയപ്പുറത്തുള്ള സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.
മൊഫിയ ഭർത്താവ് സുഹൈലിനെതിരെ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ഐ സി.എൽ.സുധീർ ഇരു കൂട്ടരെയും ചർച്ചക്ക് വിളിച്ചിരുന്നു. എന്നാൽ, പൊലീസ് സ്‌റ്റേഷനിൽ തനിക്ക് മോശം അനുഭവമാണുണ്ടായതെന്ന് ആരോപിച്ച് വീട്ടിലെത്തിയ മൊഫിയ ആത്മഹത്യ ചെയ്യുകയായിരുന്നു. തന്നെ സി.ഐ അപമാനിച്ചെന്നും ഉദ്യോഗസ്‌ഥനെതിരെ നടപടിയുണ്ടാകണമെന്നും മൊഫിയ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, സി.ഐയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇതേ തുടർന്ന് പ്രതിഷേധങ്ങളും സമരങ്ങളും ശക്തമായതോടെ ദിവസങ്ങൾക്ക് ശേഷമാണ് ഉദ്യോഗസ്‌ഥനെ സസ്പെൻറ് ചെയ്തത്. എന്നാൽ, സി.ഐ സുധീറിനെ കേസിൽ പ്രതിചേർക്കണമെന്നാണ് മൊഫിയയുടെ കുടുംബത്തിൻറെ ആവശ്യം.
ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് സുഹൈലിനെയും മാതാപിതാക്കളെയും അറസ്‌റ്റ് ചെയ്‌തെങ്കിലും ആത്മഹത്യക്ക് കാരണക്കാരനായ ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിട്ടുള്ള സി.ഐക്കെതിരെ അത്തരത്തിൽ യാതൊരു നടപടിയും അധികൃതർ എടുത്തിട്ടില്ല. അതിനാൽ തന്നെ ഉദ്യോഗസ്‌ഥനെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി മോഫിയയുടെ വീട്ടുകാർ ഉറച്ചു നിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേസുകളുടെ എഫ്.ഐ.ആർ അടക്കമുള്ള രേഖകൾ പിതാവ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ ഇവയെല്ലാം ലഭ്യമായേക്കും. അതിന് ശേഷം കോടതിയിൽ പോകാനാണ് തീരുമാനം.
സംഭവത്തെ തുടർന്ന് കോതമംഗലം സ്വദേശികളായ ഭർത്താവ് സുഹൈൽ,പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. ഇവരിപ്പോഴും റിമാൻഡിൽ തുടരുകയാണ്. ഇവരുടെ മാനസികവും ശാരീരികവുമായ പീഡനങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നായാണ് അന്വേഷണ സംഘം ഇവർക്കെതിരെ ആരോപിച്ചിട്ടുള്ളത്. ഇവരുടെ ജാമ്യഅപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നതിനാൽ കഴിഞ്ഞ ദിവസവും ഇവർക്ക് ജാമ്യം ലഭിച്ചില്ല. ഇവരുടെ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി ബുധനാഴ്ച്ച തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.