മോഫിയയുടെ മരണം: ആലുവ സി.ഐയുടെ വിശദീകരണ റിപ്പോർട്ട് പുറത്ത്
text_fieldsആലുവ: മോശമായി പെരുമാറിയെന്ന് നിയമ വിദ്യാർഥിനി മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ പരാമർശിക്കപ്പെട്ട ആലുവ സി.ഐ സുധീർ നൽകിയ വിശദീകരണത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. സ്റ്റേഷൻ ചുമതലയിലെ തിരക്കുകൾ കാരണം ഇക്കാര്യം പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് സി.ഐ വിശദീകരിക്കുന്നു.
അതിനാൽ, കേസ് എടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉദ്യോഗസ്ഥൻ നിരവധി തവണ ഇരുവീട്ടുകാരുമായി ബന്ധപ്പെട്ടു. നവംബർ 18ന് സ്റ്റേഷനിൽ ഹാജരാകാൻ മോഫിയയോട് ആവശ്യപ്പെട്ടു. എന്നാൽ, പരീക്ഷയുണ്ടെന്ന കാരണം പറഞ്ഞ് എത്തിയില്ലെന്നും സി.ഐ പറയുന്നു.
അതേസമയം, ആലുവ സി.ഐ. സി.എൽ സുധീറിന് ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്നാണ് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ചെറിയ തെറ്റുകൾ മാത്രമാണ് സി.ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് സ്റ്റേഷനിൽവെച്ച് ഭർത്താവ് സുഹൈലുമായി വാക്കുതർക്കത്തിലേർപ്പെടുകയും മൂഫിയ ഭർത്താവിനെ അടിക്കുകയും ചെയ്തു.
ഈ സന്ദർഭത്തിൽ സി.ഐക്ക് ഉറക്കെ സംസാരിക്കേണ്ടി വന്നു. പൊലീസ് പി.ആർ.ഒ ഈ രംഗങ്ങൾക്ക് സാക്ഷിയാണ്. ഇത്തരം സാഹചര്യത്തിൽ സമയോചിതമായി ഇടപെടുന്നതിലും പെൺകുട്ടിയെ ശാന്തമാക്കുന്നതിലും സി.ഐക്ക് വീഴ്ചപറ്റിയെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഡി.ഐ.ജി നിരജ് കുമാർ റിപ്പോർട്ട് തുടർനടപടിക്കായി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, ആലുവ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന കുത്തിയിരിപ്പ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നടത്തുന്ന സമരത്തിന് ബെന്നി ബഹനാൻ എം.പിയും അൻവർ സാദത്ത് എം.എൽ.എയും ആണ് നേതൃത്വം നൽകുന്നത്.
സമരത്തിന്‍റെ ഭാഗമാകാൻ മോഫിയയുടെ മാതാപിതാക്കളായ ദിൽഷാദും ഫാരിസയും പൊലീസ് സ്റ്റേഷനിലെത്തി. സമരവേദിയിൽ പൊട്ടിക്കരഞ്ഞ മാതാവ് ഫാരിസയെ നേതാക്കൾ ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.