പരാതിയുമായെത്തുന്ന പെൺകുട്ടികൾ സ്റ്റേഷനിൽ അപമാനിക്കപ്പെടുന്നു -വി.ഡി. സതീശൻ
text_fieldsകൊല്ലം: ഭർതൃവീട്ടുകാർ പീഡിപ്പിച്ചെന്നും ആലുവ സി.ഐ മോശമായി പെരുമാറിയെന്നും കുറിപ്പെഴുതി നിയമ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീ സുരക്ഷയും പരാതിയും സംസ്ഥാന സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വാദിയായ യുവതിയോട് മോശമായാണ് പൊലീസ് പെരുമാറിയത്. യുവതിയെയും പിതാവിനെയും ആലുവ സ്റ്റേഷനിൽവെച്ച് അപമാനിച്ചു. പരാതിയുമായി എത്തുന്ന പെൺകുട്ടികളെ പൊലീസുകാർ അപമാനിക്കുന്നത് കേരളത്തിൽ പതിവായിരിക്കുകയാണ്. എന്ത് നീതിയാണ് പൊലീസ് സ്റ്റേഷനിൽ നിന്നും സ്ത്രീകൾക്ക് ലഭിക്കുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.
ആലുവ സി.ഐ സി.പി.എമ്മിന് താൽപര്യമുള്ള ഉദ്യോഗസ്ഥനാണ്. ഉത്ര കൊലക്കേസിലടക്കം വീഴ്ച വരുത്തിയ ആളാണ്. അന്നെല്ലാം സി.പി.എം നേതാക്കൾ സംരക്ഷിച്ചു. സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാലക്കുടി എം.പിയും ആലുവ എം.എൽ.എക്കും പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തേണ്ട അവസ്ഥ വന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാറിന്‍റെ സമീപനം എന്തെന്നതിന്‍റെ ഏറ്റവും വലിയ അടയാളമായി ആലുവ സംഭവം നിൽക്കുകയാണ്. സി.െഎക്കെതിരെ എം.പിയും എം.എൽ.എയും ആരംഭിച്ചിട്ടുള്ള സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
തനിക്ക് പങ്കാളിത്തമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം ആയുധമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹത്തിന്‍റെ ചുമതലയിൽ വരുന്ന അന്തർ സംസ്ഥാന വിഷയമായ മുല്ലപ്പെരിയാർ മരം മുറിയിലും മുഖ്യമന്ത്രി അധ്യക്ഷനായ ശിശുക്ഷേമ സമിതിയുടെ നിയമ വിരുദ്ധ ദത്ത് നൽകലിലും പിണറായി വിജയൻ ഇതുവരെ ചുണ്ടനക്കിയിട്ടില്ല. വിവാദ വിഷയങ്ങളിൽ മിണ്ടാതിരിക്കുക എന്നാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്ന പുതിയ നയമെന്നും വി.ഡി. സതീശൻ പറഞ്ഞു.
കണ്ണുർ സർവകലാശാല വി.സിയുടെ പുനർ നിയമനത്തിൽ, നിയമവ്യവസ്ഥ ലംഘിക്കാൻ ഗവർണർ കൂട്ടുനിന്നിരിക്കുകയാണ്. സി.പി.എമ്മിന് താൽപര്യമുള്ളവരുടെ കാര്യത്തിൽ, ചട്ടങ്ങളും നിയമവും ഒന്നും ബാധകമല്ലെന്ന് തെളിയിക്കുന്നതാണ് ഇൗ നിയമനം. സി.പി.എം കേന്ദ്ര നേതൃത്വത്തിന് ഏറെ താൽപര്യമുള്ളയാളാണ് വി.സി. ഇവിടെ, പാർട്ടി പറയുന്ന വഴിവിട്ട കാര്യങ്ങളെല്ലാം അദ്ദേഹം നടത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.
ചലച്ചിത്ര നടി കെ.പി.എ.സി ലളിതക്ക് ചികിത്സാ സഹായം നൽകിയ സർക്കാർ നടപടിയിൽ ഒരു തെറ്റുമില്ല. അതിൽ രാഷ്ട്രീയം കാണണ്ടേതില്ല. അത് വിവാദമാക്കേണ്ട കാര്യവുമല്ല. ഇക്കാര്യത്തിൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് പി.ടി േതാസിനൊപ്പമാണ് താൻ. അതിന്‍റെ പേരിൽ, കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നതിനെതിരെ നടപടിക്ക് ശിപാർശ ചെയ്യുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭർതൃവീട്ടുകാർ പീഡിപ്പിച്ചെന്നും ആലുവ സി.ഐ മോശമായി പെരുമാറിയെന്നും ആരോപിച്ച് ആലുവ എടയപ്പുറം ടൗൺഷിപ് റോഡിൽ കക്കാട്ടിൽ 'പ്യാരിവില്ല'യിൽ ദിൽഷാദിന്റെ മകളും നിയമ വിദ്യാർഥിനിയുമായ മൂഫിയ പർവീനാണ് (21) തൂങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം മുറിയിൽ കയറിയ യുവതി മൂന്നരയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ ജനൽ ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഭർതൃപീഡന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇതിനുശേഷം വീട്ടിലെത്തി സി.ഐക്കെതിരെ കത്ത് എഴുതിെവച്ചാണ് തൂങ്ങിമരിച്ചത്.
കോതമംഗലം സ്വദേശി സുഹൈലുമായി ഏപ്രിൽ മൂന്നിനായിരുന്നു നിക്കാഹ്. നിക്കാഹിെൻറ ഭാഗമായുള്ള വിരുന്ന് കോവിഡ് ഇളവിനെ തുടർന്ന് ഡിസംബറിൽ നടത്താനിരിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീധന തർക്കത്തെ തുടർന്ന് ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഭർതൃപീഡനം ആരോപിച്ച് ആലുവ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
സി.ഐ സി.എൽ. സുധീറിന്റെ സാന്നിധ്യത്തിൽ ഇരുവരെയും തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെെവച്ച് സി.ഐ മോശമായി പെരുമാറിയതായി ആത്മഹത്യക്കുറിപ്പിലുണ്ട്. ഒക്ടോബർ 28ന് കോതമംഗലത്തെ മഹല്ലിൽ മുത്തലാഖ് ചൊല്ലുന്നതിന് സുഹൈൽ കത്ത് നൽകിയിരുന്നു. ഇതിന് യുവതിയും വീട്ടുകാരും വിസമ്മതിച്ചതും പീഡന കാരണമായെന്നും പറയുന്നു.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിൽ മൂന്നാം വർഷ നിയമ വിദ്യാർഥിനിയാണ് മൂഫിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുമായി ആലോചിച്ചാണ് വിവാഹിതരായത്. ബിരുദാനന്തര ബിരുദധാരിയാണ് സുഹൈൽ. നിക്കാഹ് സമയത്ത് സുഹൈലോ വീട്ടുകാരോ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, പിന്നീട് പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.