മൊഫിയ ആത്‍മഹത്യ കേസ്; ഫോൺ ഫോറൻസിക് പരിശോധനക്കയക്കും
text_fieldsആലുവ: ആത്മഹത്യ ചെയ്ത മൊഫിയ പർവീന്‍റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കാൻ ക്രൈബ്രാഞ്ച്. മൊഫിയയുടെ ഫോൺ നിലവിൽ ആലുവ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്.
മുഖ്യപ്രതി സുഹൈലുമായി നടത്തിയ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ, ശബ്ദ സന്ദേശങ്ങൾ, ഫോട്ടോസ് എന്നിവ വീണ്ടെടുക്കുന്നതിന് ഇതിനകം ഫോറസിക് വിഭാഗത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇതിനിടയിൽ പ്രതികൾക്കെതിരെയുള്ള പ്രധാന തെളിവായി മാറിയിട്ടുള്ള ഭർത്താവ് സുഹൈലിൻറെ മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
സൈബർ സെല്ലിൻറെ സഹായത്താൽ ശബ്‍ദ സന്ദേശമടക്കമുള്ള വിവരങ്ങളുടെ കോപ്പികളാണ് എടുത്തിട്ടുള്ളത്. ഈ ശബ്‌ദ സന്ദേശങ്ങളിൽ നിന്നാണ് പ്രതികൾ മൊഫിയയെ പീഡിപ്പിച്ചിരുന്ന വിവരം അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. തനിക്ക് വിവാഹത്തിന് ശേഷം ലഭിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളെ പറ്റി മൊഫിയ ഭര്‍ത്താവ് സുഹൈലിനോട് നിരവധി ശബ്‌ദ സന്ദേശങ്ങളിലൂടെ അറിയിക്കുന്നുണ്ട്.
സുഹൈലിന്‍റെ ഫോണിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. മൊഫിയക്ക് വ്യക്തമായ മറുപടി സുഹൈല്‍ നല്‍കുന്നില്ലെന്നാണ് ഫോൺ പരിശോധിച്ചതിൽ നിന്ന് മനസിലായത്. എല്ലാം മൂളി കേൾക്കുക മാത്രമായിരുന്നു. സുഹൈലിൻറെ ഭാര്യയായി മാതാപിതാക്കള്‍ ഡോക്ടറെ ആഗ്രഹിച്ചിരുന്നതായ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
അതിനാൽ തന്നെ നിയമവിദ്യാഥിയായ മൊഫിയയെ സുഹൈല്‍ നിക്കാഹ് കഴിച്ചത് വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. നിക്കാഹിന് ശേഷം ഡോക്ടറല്ലാത്തതിന്‍റെ പേരില്‍ മൊഫിയയെ മാനസികമായി പീഡിപ്പിച്ചിരുന്നു. മൊഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താന്‍ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയിരുന്നതായും അന്വേഷണ സംഘം പറയുന്നു.
സുഹൈലിൻറെ ഫോണിൽ നിന്ന് ലഭിച്ച ശബ്‌ദ സന്ദേശങ്ങൾ ഉറപ്പിക്കാൻ മൊഫിയയുടെ ഫോണിൽ നിന്നുള്ള വിവരങ്ങളിൽ നിന്ന് കഴിയുമെന്നാണ് കരുതുന്നത്. ഇതിനിടയിൽ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായുള്ള മൊഴിയെടുക്കലും ചോദ്യം ചെയ്യലും തുടരുകയാണ്.
മൊഫിയയുടെ സുഹൃത്തുക്കളും സഹപാഠികളും ഉൾപ്പെടെ പലരുടെയും മൊഴികൾ രേഖപ്പെടുത്താനുണ്ടെന്ന് അന്വേഷണ സംഘ തലവനായ ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി പി.വി. രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.