മൂഫിയയുടെ ആത്മഹത്യ: സി.ഐ സുധീറിനെ സസ്പൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: ഗാർഹിക പീഡനത്തെതുടർന്ന് നിയമവിദ്യാർഥിനി മൊഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് സി.ഐ സി.എൽ. സുധീറിന് സസ്പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെതുടർന്നാണ് നടപടി. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും. കൊച്ചി ട്രാഫിക് ഈസ്റ്റ് അസി. കമീഷണർക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ട് 14 ദിവസത്തിനുള്ളിൽ നൽകണമെന്നും ഡി.ജി.പിയുടെ ഉത്തരവിലുണ്ട്.
സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനില്‍ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നടത്തിവന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. മൊഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് വെള്ളിയാഴ്ച്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. മന്ത്രി പി. രാജീവ് മൊഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്. സി.ഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മൊഫിയയുടെ പിതാവിനെ അറിയിച്ചു. തൊട്ടുപിന്നാലെയാണ് ഡി.ജി.പിയുടെ ഉത്തരവിറങ്ങിയത്.
മൊഫിയ ആത്മഹത്യ ചെയ്ത കേസില്‍ ആരോപണവിധേയനായ സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന അന്വേഷണ റിപ്പോർട്ടാണ് കൊച്ചി റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത ഡി.ജി.പിക്ക് കൈമാറിയത്. സി.ഐ നടത്തിയ മധ്യസ്ഥ ചർച്ചയിൽ തെറ്റില്ല. എന്നാല്‍, കേസെടുക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്. സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് മൊഫിയയുടെ സഹപാഠികളും പൊലീസിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിക്ക് പരിഹാരം കാണേണ്ട പൊലീസ് ഇൻസ്പെക്ടർ മനോരോഗി എന്ന് വിളിച്ചതാണ് മകളെ തകർത്തതെന്ന് മൊഫിയയുടെ മാതാവ് ഫാരിസ കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.