കുറ്റിച്ചിറ സ്വദേശി മുഹമ്മദ് അൽഫാന് മൈക്രോസോഫ്റ്റ് പുരസ്കാരം
text_fieldsകോഴിക്കോട്: മൈക്രോസോഫ്റ്റിന്റെ ഈ വർഷത്തെ എം.വി.പി (മോസ്റ്റ് വാല്യുബ്ൾ പ്രഫഷനൽ) അവാർഡ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് അൽഫാന്. സാങ്കേതിക രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
90 രാജ്യങ്ങളിൽനിന്നായി ലഭിച്ച മൂവായിരത്തോളം അപേക്ഷകളിൽനിന്നാണ് മൈക്രോസോഫ്റ്റ് മുഹമ്മദ് അൽഫാനടക്കം 16 പേരെ തെരഞ്ഞെടുത്തത്. 25 വർഷത്തിനിടയിൽ ഈ വിഭാഗത്തിലെ അവാർഡ് നാല് ഇന്ത്യക്കാർക്കാണ് ലഭിച്ചത്. മൈക്രോസോഫ്റ്റ് എക്സൽ, പവർ ബി.ഐ എന്നീ സോഫ്റ്റ്‌വെയറുകൾ ഉഗാണ്ട, ടാൻസാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ എൻ.ജി.ഒകൾക്കും യു.കെ, ആസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്കും മുഹമ്മദ് അൻഫാൻ ഓൺലൈനിലൂടെ പഠിപ്പിക്കുകയായിരുന്നു. ദരിദ്ര രാജ്യങ്ങളിലെ എൻ.ജി.ഒകളായിരുന്നു ഇതിൽ കൂടുതലും.
ഐ.ടി കമ്പനികളിലെ ജോലി ഉപേക്ഷിച്ച് ജനപ്രിയ സോഫ്റ്റ്‌വെയറുകൾ സാധാരണക്കാർക്ക് പരിചയപ്പെടുത്തുകയായിരുന്നു മുഹമ്മദ് അൽഫാൻ. ഈ സേവനം പരിഗണിച്ചാണ് അവാർഡ്. പരപ്പിൽ എം.എം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഡാറ്റാ അനലിറ്റിക് എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഈ പുസ്തകം മദ്രാസ് ക്രിസ്ത്യൻ കോളജിലെ ബി.ബി.എ വിദ്യാർഥികൾക്ക് ടെക്സ്റ്റ് ബുക്കായി പരിഗണിച്ചിരുന്നു. ആമസോണിലെ ടോപ് സെൽ വിഭാഗത്തിലും ഉൾപ്പെട്ടിരുന്നു.
ബംഗളൂരുവിലും ഗൾഫ് രാജ്യങ്ങളിലും ഐ.ടി കമ്പനികളിൽ 14 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. നിലവിൽ കോർപ്പറേറ്റ് കമ്പനികൾക്കും ബിസിനസ് സ്കൂളുകൾക്കും മറ്റും ട്രെയിനിങ് നൽകി വരികയാണ്. ഭാര്യ: റഫ. മക്കൾ: സിദാൻ, രഹാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.