കുളത്തില്‍ മുങ്ങിപ്പോയ 12കാരന്‍ തമിഴ് ബാലന് രക്ഷകനായി മുഹമ്മദ് അസ്ലം
text_fieldsകിഴക്കമ്പലം: മരണക്കയത്തിലേക്ക് മുങ്ങിതാഴ്ന്ന 12കാരന്‍ തമിഴ് ബാലന് രക്ഷകനായി കാരുകുളം വിലങ്ങ് പൊതിയില്‍ മുഹമ്മദ് അസ്ലം. വെള്ളിയാഴ്ച 11ഓടെയാണ് സംഭവം. ചേലക്കുളം ചവറക്കോട്ട് കുളത്തില്‍ ചൂണ്ടയിടാന്‍ എത്തിയ മൂവര്‍ സംഘത്തിലെ ബാലന്‍ കാലുവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് നിന്ന മറ്റുകുട്ടികള്‍ നീന്തല്‍ അറിയാത്തതിനാല്‍ കുളത്തിലേക്ക് ഇറങ്ങാന്‍ തയ്യാറായില്ല.
ഇവര്‍ തൊട്ടടുത്ത് താമസിച്ചിരുന്ന ബാലന്‍റെ അമ്മയുടെ അടുത്ത് ചെന്ന് സംഭവം പറയുകയും അമ്മ റോഡിലൂടെ ഒച്ചവെച്ച് ഓടുന്നത് കണ്ട സമീപത്തെ വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസിലായിരുന്ന മുഹമ്മദ് അസ് ലം സംഭവം തിരക്കുകയായിരുന്നു. അസലം കുളത്തിലേക്ക് ചാടി മുങ്ങാകുഴിയിട്ട് രണ്ടാള്‍ വെള്ളത്തിനടിയിലെത്തി കുട്ടിയെ കരക്ക് എത്തിക്കുകയായിരുന്നു. ഏതാണ്ട് 15 മിനിറ്റോളം വെള്ളത്തില്‍ മുങ്ങി താഴ്ന്ന കുട്ടി വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.
കരക്കെത്തിച്ചതിന് ശേഷം പ്രാഥമിക പരിചരണം നല്‍കി പരിസരവാസിയുടെ സഹായത്തോടെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയപ്പോള്‍ കുട്ടിയുടെ ജീവനില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും മരിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് വരുത്തി പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് എറുണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ബാലന്‍. മഴയായതിനാല്‍ കുളത്തില്‍ വെള്ളം അധികം ഉണ്ടായിരുന്നങ്കിലും ബാലന്‍ വെള്ളത്തിനടിയില്‍ കിടക്കുന്നത് കാണാമായിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായതായി മുഹമ്മദ് അസ്ലം പറഞ്ഞു.
തമിഴ്‌നാട് തിരുന്നല്‍വേലി രങ്കകോവില്‍ ചിന്നൈ ദുരൈ ഉമാമഹേശ്വരി ദമ്പതികളുടെ മകന്‍ ശിവയാണ് അപകടത്തില്‍പെട്ടത്. ആക്രിവിറ്റ് ഉപജീവനമാര്‍ഗം തേടുന്നവരാണ് ശിവയുടെ മാതാപിതാക്കള്‍. പട്ടിമറ്റം ജയഭാരത് കോജിലെ ഒന്നാം ബിരുദ വിദ്യാർഥിയാണ് മുഹമ്മദ് അസ്ലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.