Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിലങ്ങാട് സമഗ്രമായ...

വിലങ്ങാട് സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മുഹമ്മദ് റിയാസ്

text_fields
bookmark_border
വിലങ്ങാട് സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മുഹമ്മദ് റിയാസ്
cancel

കോഴിക്കോട് : ഉരുൾപൊട്ടി ഒരാൾ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ വിലങ്ങാടിനായി സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. "വിലങ്ങാട് ദുരന്തം ഗൗരവത്തിൽ കാണുന്നതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അവിടെ സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കും. അതുവരെ വാടക വീട് ഉൾപ്പെടെയുള്ള താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും.

വീടുകൾക്ക് സംഭവിച്ച കൃത്യമായ നാശനഷ്ടം, എത്ര വീടുകൾ വാസയോഗ്യമല്ലാതായി എന്നതിന്റെ കണക്ക് ആഗസ്റ്റ് 17ന് മുമ്പ് നൽകാൻ കലക്ടറോട് ആവശ്യപ്പെട്ടു. ഉരുൾപൊട്ടലിനെ തുടർന്ന് നാല് ഗ്രാമപഞ്ചായത്തുകളിലെ പുഴകളിൽ കല്ലുകളും മരങ്ങളും അടിഞ്ഞത് നീക്കം ചെയ്യാനും കലക്ടർക്ക് നിർദേശം നൽകി, ഇതുസംബന്ധിച്ച് ഞായറാഴ്ച ചേർന്ന ഓൺലൈൻ യോഗത്തിൽ മന്ത്രി റിയാസ് വ്യക്തമാക്കി.

കലക്ടറുടെ വിശദമായ അന്തിമ റിപ്പോർട്ടിനായി കാക്കുകയാണെന്ന് യോഗത്തിൽ പങ്കെടുത്ത മന്ത്രി കെ. രാജൻ വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ ഫണ്ട്‌ ആണ് പ്രധാനമായും വിലങ്ങാടിനായി ഉദ്ദേശിക്കുന്നത്. പക്ഷേ അതിലുപരിയായി ഗൗരവമായി കാണേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും റവന്യു മന്ത്രി പറഞ്ഞു.

ദുരന്തബാധിതരെ സുരക്ഷിതമായ സ്ഥലത്ത് ടൗൺഷിപ്പ് മാതൃകയിൽ പുനരധിവസിപ്പിക്കാൻ കഴിയുന്ന മാസ്റ്റർപ്ലാൻ തയാറാക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. വിലങ്ങാടിനായി സുമനസുകൾ വാഗ്ദാനം ചെയ്ത വീട് ഉൾപ്പെടെയുള്ള സഹായങ്ങൾ ഈ മാസ്റ്റർ പ്ലാനുമായി ഏകോപിപ്പിച്ച് ഒരു പാക്കേജ് ആക്കണം.

ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ, നാദാപുരം, എടച്ചേരി വളയം പുഴകളിൽ ആയിരക്കണക്കിന് മരങ്ങളും ടൺ കണക്കിന് കല്ലുകളും അടിഞ്ഞിട്ടുണ്ടെന്നും ഇത് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തില്ലെങ്കിൽ പുഴ ഗതി മാറി ഒഴുകാൻ സാധ്യതയുണ്ടെന്നും ഇ കെ വിജയൻ എംഎൽഎ ചൂണ്ടിക്കാട്ടി. വരുമാനം നിലച്ച ദുരന്തബാധിതർക്ക് പ്രതിമാസ തുക അനുവദിക്കണം. ക്യാമ്പുകളിൽ ഉള്ളവരെ വീടുകളിലേക്ക് മാറ്റുമ്പോൾ സുരക്ഷിതമായ വീട് ആണോ എന്നറിയണമെങ്കിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന പൂർത്തിയാക്കണം. വിലങ്ങാട്ടെ ഉരുൾപൊട്ടലിന് നൂറിലേറെ പ്രഭവ കേന്ദ്രങ്ങൾ ഉള്ളതായി ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയതായും എം.എൽ.എ അറിയിച്ചു.

ഓരോ വകുപ്പും നൽകുന്ന നാശനഷ്ടങ്ങളുടെ കണക്കിനും പുനരധിവാസ നിർദ്ദേശങ്ങൾക്കും കൃത്യമായ ഡോക്യുമെന്റഷൻ നിർബന്ധമാണ്. ദുരന്തത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ നാലംഗ വിദഗ്ധസംഘം നാളെ (ആഗസ്റ്റ് 12) വിലങ്ങാട് എത്തുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു.

ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതാണ് സംഘം. ഡ്രോൺ പരിശോധന തുടങ്ങിക്കഴിഞ്ഞു. മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നൽകുക. വകുപ്പുതല നാശനഷ്ടങ്ങളുടെ കണക്കിന് പുറമേ വ്യക്തികളോട് നേരിൽ സംസാരിച്ചു തയ്യാറാക്കിയ കണക്കും സർക്കാരിലേക്ക് നൽകും. സ്ട്രക്ചറൽ അസസ്മെന്റ് നടത്തിയ ശേഷമേ പുനരധിവാസ മേഖലയെക്കുറിച്ച് തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ.


വകുപ്പുകൾ കണക്കുകൾ അവതരിപ്പിച്ചു.

14 വീടുകൾ പൂർണമായും ഒഴുകി പോയതായി വടകര ആർ.ഡി.ഒയും വിലങ്ങാട് ദുരന്തനിവാരണത്തിന്റെ നോഡൽ ഓഫീസറുമായ പി. അൻവർ സാദത്ത് പറഞ്ഞു. ഇതുൾപ്പെടെ 112 വീടുകൾ വാസയോഗ്യമല്ല. താമസ യോഗ്യമല്ലാത്ത വീടുകളുടെ മുഴുവൻ കണക്കും പൂർത്തിയായിട്ടില്ല. നാല് കടകളാണ് നശിച്ചത്.

5.8 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കേരള റോഡ് ഫണ്ട്‌ ബോർഡ് (കെ.ആർ.എഫ്.ബി) വ്യക്തമാക്കി. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ തകർന്നത് ഉൾപ്പെടെ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പിഡബ്ല്യുഡി റോഡ് വിഭാഗം കണക്കാക്കിയത്.

ജലസേചന വകുപ്പിന്റെ നഷ്ടം 35 കോടിയാണ്. 162 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 225 കർഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാർഷിക മേഖലയിൽ സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. 2.7 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗവും 35.3 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി ജല അതോറിറ്റിയും അറിയിച്ചു.

വിലങ്ങാട് ആദിവാസികളുടെ ട്രൈബൽ സൊസൈറ്റി സംഭരിച്ച 1800 കിലോ തേനും 60 കിലോ ചെറുതേനും കെട്ടിടവും ഉൾപ്പെടെ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പറഞ്ഞു. പന്നിയേരി, കൂറ്റല്ലൂർ, മാടാഞ്ചേരി, വായാട് ഉന്നതികളിലേക്കുള്ള പാലവും റോഡും തകർന്നു. വായാട് ഉന്നതിയിലേക്കുള്ള കുടിവെള്ള പദ്ധതി പൂർണമായും തകർന്നു. അങ്കണവാടികളെയും ബാധിച്ചു.

6.06 കോടിയുടെ നഷ്ടമാണ് കെ.എസ്.ഇ.ബി വിലയിരുത്തിയത്. റോഡുകൾ, കുടിവെള്ള പദ്ധതികൾ, കലുങ്കുകൾ, കെട്ടിടങ്ങൾ ഉൾപ്പെടെ മൊത്തം 14.62 കോടി രൂപയുടെ നഷ്ടമുണ്ടായതായി വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി സുരയ്യ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ നാശം സംഭവിച്ചതായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രതിനിധി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammad RiazVilangad Landslide
News Summary - Mohammad Riaz said that comprehensive rehabilitation of Vilangad will be planned and implemented
Next Story