മോഹനൻ വൈദ്യർ: ഭക്ഷണത്തിലെ മായത്തിനെതിരെ പോരാടി; അലോപ്പതി വിമർശനം വിവാദമായി
text_fieldsചേർത്തല: ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്നത് തുറന്നുകാട്ടി ശ്രദ്ധേയനാവുകയും അലോപ്പതി ചികിത്സക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് വിവാദ നായകനാവുകയും ചെയ്ത പ്രകൃതി ചികിത്സകനാണ് ഇന്നലെ അന്തരിച്ച മോഹനൻ നായർ എന്ന മോഹനൻ വൈദ്യർ. അടുക്കളയിൽ ഉപയോഗിക്കുന്ന ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളിൽ കലർപ്പും മായവും ഉണ്ടെന്ന് വാദിക്കുകയും അത് ദൃശ്യമാധ്യമങ്ങളിൽ തെളിയിക്കുകയും ചെയ്തതോടെയാണ് വൈദ്യർ ജനശ്രദ്ധ നേടിയത്.
വൈദ്യചികിത്സയിലൂടെ അർബുദത്തെയും വൈറസിനെയും വെല്ലുവിളിച്ച് വിവാദങ്ങളിൽ നിറഞ്ഞുനിന്നു. കൊട്ടാരക്കര സ്വദേശിയാണെങ്കിലും 20 വർഷമായി ആലപ്പുഴ ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് 19ാം വാർഡിൽ ബിന്ദു നിവാസിലായിരുന്നു താമസം. അങ്ങനെയാണ് ചേർത്തലയുമായി അടുത്തബന്ധമുണ്ടായത്.
ആദ്യം വയലാറിലും പിന്നീട് 11ാം മൈലിന് സമീപവുമായിരുന്നു ചികിത്സകേന്ദ്രം. കരൾ, കിഡ്നി രോഗങ്ങൾക്ക് നാട്ടിലേക്കാൾ പേര് മറുനാട്ടിലാണ്. കാസർകോട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽനിന്നാണ് കൂടുതൽ രോഗികൾ എത്തിയിരുന്നത്.
നിപ പൊട്ടിപ്പുറപ്പെട്ടപ്പോൾ വവ്വാൽ കടിച്ച ഫലങ്ങൾ കഴിക്കരുതെന്നും വവ്വാലുകളിൽനിന്നാണ് ഈ വൈറസ് പകരുന്നതെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിയപ്പോൾ വവ്വാൽ കടിച്ച മാങ്ങ കഴിച്ച് മോഹനൻ വൈദ്യർ വെല്ലുവിളി ഉയർത്തി. നിപ വൈറസ് ആരോഗ്യവകുപ്പിെൻറയും മരുന്നുകമ്പനികളുടെയും ഗൂഢാലോചനയാണെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് വൈദ്യർക്കെതിരെ കേസെടുത്തു.
വർഷങ്ങൾക്കുമുമ്പ് ഒന്നര വയസ്സുള്ള കുട്ടിക്ക് പ്രൊപിയോണിക് അസീഡിമിയ രോഗം ബാധിച്ച് മോഹനൻ വൈദ്യരുടെ ചികിത്സ തേടിയിരുന്നു. എന്നാൽ, ചികിത്സക്കിടെ കുട്ടി മരിച്ചു. ചികിത്സരീതിയിലെ പിഴവാണെന്ന് കാണിച്ച് ബന്ധുക്കൾ മാരാരിക്കുളം പൊലീസ് സ്േറ്റഷനിൽ പരാതി നൽകിയതോടെ വൈദ്യർക്കെതിരെ കേസെടുത്തു.
ഒരുവർഷം മുമ്പ് െകാറോണ വൈറസിന് ഒറ്റമൂലി ചികിത്സ ഉണ്ടെന്ന് പ്രചരിപ്പിച്ചതിനാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവസാനഘട്ടത്തിൽ കോവിഡിനെ വെല്ലുവിളിച്ചെങ്കിലും അത് മോഹനൻ വൈദ്യരെ കീഴ്പെടുത്തി.
സംസ്കാരം തിങ്കളാഴ്ച ചേർത്തലയിൽ നടക്കും. ഭാര്യ: ലത. മക്കൾ: രാജീവ്, ബിന്ദു. മരുമകൻ: പ്രശാന്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.