പൂച്ചെണ്ടുമായെത്തിയ പൊന്നമ്മച്ചേച്ചിയെ ചേർത്തുപിടിച്ച് മോഹൻലാൽ; ആഹ്ലാദക്കണ്ണീരണിഞ്ഞ് സദസ്സ്
text_fieldsചെങ്ങന്നൂരിൽ കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഉദ്ഘാടനചടങ്ങിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ച മുതിർന്ന ഹരിതകർമസേനാംഗം പൊന്നമ്മച്ചേച്ചിയെ നടൻ മോഹൻലാൽ ചേർത്തുപിടിക്കുന്നു
ആലപ്പുഴ: ചെങ്ങന്നൂരിൽ നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ സദസ്സിനെ ആഹ്ലാദക്കണ്ണീരണിയിച്ച് മോഹൻലാൽ. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മോഹൻലാലിന് പൂച്ചെണ്ട് നൽകി സ്വീകരിച്ചത് ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന ഹരിത കർമസേനാംഗം പൊന്നമ്മ ദേവരാജനായിരുന്നു. സാംസ്കാരികമന്ത്രി സജി ചെറിയാനാണ് പൊന്നമ്മയെ ചുമതല ഏൽപിച്ചത്. ഇവർ പൂ കൈമാറിയതിന് പിന്നാലെ മോഹൻലാൽ അവരെ ആശ്ലേഷിക്കുകയായിരുന്നു.
പൊന്നമ്മക്ക് അത് പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമായി. അവരുടെ കണ്ണ് നിറഞ്ഞതും ശബ്ദം ഇടറിയതും സദസ്സിനെയും സന്തോഷക്കണ്ണീരിലാഴ്ത്തി. 73കാരിയായ പൊന്നമ്മച്ചേച്ചിയെപ്പറ്റിയും അപ്രതീക്ഷിതമായി ലഭിച്ച സ്വീകരണത്തെക്കുറിച്ചും മോഹൻലാലും പ്രസംഗത്തിൽ വാചാലനായി. പൊന്നമ്മച്ചേച്ചിയെ മോഹൻലാൽ ചേർത്തുപിടിച്ചത് കണ്ട് വൻ കരഘോഷമായിരുന്നു സദസ്സിൽ.
കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യമെന്നും വേദിയിൽ ചൊല്ലിയ ശുചിത്വപ്രതിജ്ഞ എല്ലാവരും പ്രവൃത്തിപഥത്തിൽ എത്തിക്കണമെന്നും മോഹൻലാൽ പറഞ്ഞു. വലിയ നഗരങ്ങളിൽ നടക്കുന്ന മേള ചെങ്ങന്നൂർപോലെയുള്ള സ്ഥലത്തേക്ക് എത്തിക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും ലാൽ പറഞ്ഞു. ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പ്രഥമശ്രേഷ്ഠ ചെങ്ങന്നൂർ പുരസ്കാരം നടൻ മോഹൻലാലിന് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. മന്ത്രി പി. പ്രസാദ് മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.