കോവിഡ് പ്രതിരോധത്തിൽ അണിനിരന്ന് ലാൽ, വിശ്വശാന്തി ഫൗണ്ടേഷൻ 200 ഓക്സിജൻ കിടക്കകളടക്കം നൽകും
text_fieldsകൊച്ചി: രോഗവ്യാപനം രൂക്ഷമായ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ അണിനിരന്ന് സൂപ്പർതാരം മോഹൻലാലും. ലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ഓക്സിജൻ കിടക്കകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്.
കേരളത്തിൽ സർക്കാർ-സ്വകാര്യ, സഹകരണ മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി 200ലധികം ഓക്സിജൻ കിടക്കകൾ, വെന്‍റിലേറ്റർ സംവിധാനത്തോടു കൂടിയ പത്തോളം ഐ.സി.യു കിടക്കകൾ, മാറ്റാനാകുന്ന എക്സ് റേ മെഷിനുകൾ എന്നിവയാണ് നൽകുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ പൈപ്പ്‍ലൈൻ സ്ഥാപിക്കുന്നതിന് വേണ്ട സഹായങ്ങളും നൽകുമെന്ന് മോഹൻലാൽ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും കേരള സർക്കാറിന്‍റെ ആരോഗ്യസുരക്ഷ സ്‍കീമിന്‍റെയും പരിധിയിൽ വരുന്ന ആശുപത്രികൾക്കാണ് ഇവ നൽകുക.
ഒന്നര കോടി രൂപയുടെ പദ്ധതി ആണ് നടപ്പാക്കുന്നത്. ഇ.വൈ ജി.ഡി.എസ് (EY GDS), യു.എസ് ടെക്നോളജീസ് (UST ) എന്നീ സ്ഥാപനങ്ങളുടെ സഹകരണവുമുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ആശുപത്രികൾക്കും ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
കളമശ്ശേരി മെഡിക്കൽ കോളേജ്, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, എറണാകുളത്തെയും ആലുവയിലെയും ലക്ഷ്‍മി ആശുപത്രി, തിരുവനന്തപുരം, എസ്.പി ഫോർട് ആശുപത്രി, എറണാകളും സുധീന്ദ്ര മെഡിക്കൽ മിഷൻ, തിരുവനന്തപുരം ആറ്റുകാൽ ദേവി ട്രസ്റ്റ് ആശുപത്രി, എറണാകുളം കൃഷ്‍ണ ആശുപത്രി, കോട്ടയം ഭാരത് ആശുപത്രി, എറണാകുളം സരഫ് ആശുപത്രി, പാലക്കാട് സേവന ആശുപത്രി, തിരുവനന്തപുരം ലോർഡ്‍സ് ആശുപത്രി, എറണാകുളം ലേക്ഷോർ ആശുപത്രി, പട്ടാമ്പി സർക്കാർ താലൂക്ക് ആശുപത്രി എന്നിവടങ്ങളിലാണ് നിലവിൽ സഹായം എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.