ഇരുളകന്നു; മൊയ്തീൻകുട്ടിയുടെ ലോകത്തേക്ക് വീണ്ടും പ്രകാശമെത്തുന്നു
text_fieldsകീഴുപറമ്പ്: കാഴ്ചശക്തി നഷ്ടപ്പെട്ട ഒരു കൂട്ടം വയോധികർക്കിടയിൽ കഴിയവെ, കാണാനുള്ള ശേഷി തിരികെ ലഭിച്ച സന്തോഷത്തിലാണ് മൊയ്തീൻകുട്ടി.
ലോകത്തെ ശരിക്കും കാണണം, മക്കളെ കാണണം, പത്രം വായിക്കണം എന്നൊക്കെയാണ് ഇദ്ദേഹത്തിെൻറ ഇപ്പോഴത്തെ വലിയ ആഗ്രഹം.
അരീക്കോട് കീഴുപറമ്പ് അഗതിമന്ദിരത്തിലെ അന്തേവാസിയാണ് മൊയ്തീൻകുട്ടി. കാഴ്ച നഷ്ടപ്പെട്ടവർക്കായി രൂപംകൊണ്ടതാണ് ഈ അഗതിമന്ദിരം.
ചെറുപ്പത്തിലേ കാഴ്ച കുറവുള്ള കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിയായ മൊയ്തീൻകുട്ടി 12ാം വയസ്സിൽ നാട് വിട്ട് വിവിധ ഇടങ്ങളിൽ സഞ്ചരിച്ച് ഒടുവിലെത്തിയത് പുത്തനത്താണിയിലായിരുന്നു. തുടർന്ന് അവിടെനിന്ന് വിവാഹം കഴിച്ചു. വാടകവീട്ടിലായിരുന്നു താമസം.
ഇക്കാലത്താണ് കാഴ്ച പൂർണമായി നഷ്ടപ്പെട്ടത്. ഒരിക്കൽ ജോലിക്കുപോയ ഭാര്യ തിരിച്ചുവരാതിരുന്നതോടെ മൊയ്തീൻകുട്ടിക്കൊപ്പം നാല് മക്കളുടെയും ജീവിതം ദുരിതത്തിലായി. അഞ്ച് വയസ്സുള്ള കുട്ടി ഉൾപ്പെടെ എല്ലാവരെയും അനാഥാലയത്തിലേക്ക് മാറ്റേണ്ടിവന്നു.
കുറച്ചുകാലം മൊയ്തീൻകുട്ടി വാടകവീട്ടിൽ കഴിഞ്ഞെങ്കിലും പിന്നീട് സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ കീഴുപറമ്പിലെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. അഗതിമന്ദിരത്തിലെ സുമനസ്സുകളുടെ സഹായം കൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ വലതുകണ്ണിന് ശസ്ത്രക്രിയ നടത്തിയത്.
വെള്ളിയാഴ്ച ഇടത് കണ്ണിനും ശസ്ത്രക്രിയ നടത്തുകയും 80 ശതമാനം കാഴ്ച ലഭിക്കുകയും ചെയ്തു. ഇനി അഗതിമന്ദിരത്തിൽ കഴിയാനാവില്ല. അതിനാൽ മൊയ്തീൻകുട്ടിക്ക് ജോലി സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സ്ഥാപന അധികൃതരും സാമൂഹികപ്രവർത്തകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.