മോക്ഡ്രില്ലിനിടെ മരണം; ആശുപത്രിയിൽ കൊണ്ടുപോയത് നാടകമെന്ന് നാട്ടുകാർ, ബിനുവിന്റെ പോസ്റ്റുമോർട്ടം ഇന്ന്
text_fieldsമല്ലപ്പള്ളി: മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച യുവാവിനെ ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചത് നാടകമാണെന്നും സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവിന് ജീവൻ നഷ്ടപ്പെട്ടിരുന്നെന്നും നാട്ടുകാർ. ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി നടത്തിയ പ്രളയ -ദുരന്ത നിവാരണ പരിശീലനത്തിനിടെ ഇന്നലെ രാവിലെ മണിമലയാറ്റിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം പടുതോട് കടവില്‍ സംഘടിപ്പിച്ച പരിശീലനത്തിനിടെ കല്ലൂപ്പാറ തുരുത്തിക്കാട് കാക്കര മണ്ണിൽ വീട്ടിൽ പാലത്തുങ്കൽ ബിനു സോമൻ (34) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ വെളളതതിൽ മുങ്ങിയ യുവാവിനെ അരമണിക്കൂറിനുശേഷമാണ് കണ്ടെത്തിയത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. രാത്രി 8.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്. യുവാവിന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിച്ചുവെന്നാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ അറിയിച്ചത്. എന്നാൽ, യുവാവിന് സംഭവ സ്ഥലത്തുവെച്ചു തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നെന്നും സംഭവത്തിൽ പ്രതിഷേധം കുറക്കാൻ മരണവിവരം പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നെന്നുമാണ് നാട്ടുകാരുടെ ആരോപണം. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശത്തെ തുടർന്ന് സംസ്ഥാന -ജില്ല ദുരന്ത നിവാരണ അതോറിറ്റികൾ സംയുക്തമായാണ് മണിമലയാറ്റിൽ പരിശീലനം സംഘടിപ്പിച്ചത്. ഇതിലേക്ക് നീന്തൽ അറിയാവുന്ന ബിനു ഉൾപ്പെടെ നാലുപേരെ റവന്യൂവകുപ്പിന്‍റെ നിർദേശപ്രകാരം എത്തിച്ചത് പ്രദേശത്തെ ജനപ്രതിനിധിയാണ്.
ബിനു സോമനോട് വെള്ളത്തിലേക്ക് ചാടാൻ ബന്ധപ്പെട്ടവർ നിർദേശം നൽകി. പൊങ്ങിവരുമ്പോൾ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, പൊങ്ങിവരാതെ ബിനു ചളിയിലേക്ക് ആണ്ടുപോകുകയായിരുന്നു. അരമണിക്കൂർ തിരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്. പരിശീലനഭാഗമായി എത്തിയിരുന്ന ദേശീയ ദുരന്ത നിവാരണ സേനയിലെ നാല് അംഗങ്ങളും അഗ്നിരക്ഷ സേനയും പൊലീസും സജ്ജരായിരുന്നു. ഇവരാരും അപകടം മനസ്സിലാക്കി ഉടൻ രക്ഷിക്കാൻ ഇറങ്ങിയില്ലെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. റവന്യൂ - ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.