പൂപ്പൽ ബാധ: ടൺ കണക്കിന് കാലിത്തീറ്റ തിരുവങ്ങൂർ സർക്കാർ ഫാക്ടറിയിൽ കുഴിച്ചുമൂടി
text_fieldsകൊയിലാണ്ടി: തിരുവങ്ങൂരിലെ കേരള ഫീഡ്സിൽ ഉൽപാദിപ്പിച്ച കാലിത്തീറ്റകളിൽ പൂപ്പൽ ബാധ. ടൺ കണക്കിന് കാലിത്തീറ്റകൾ ഉപയോഗശൂന്യമായി. വൻ നഷ്ടമാണ് ഇതുകാരണം ഫാക്ടറിക്ക് സംഭവിച്ചത്.
വിവിധ ജില്ലകളിൽ വിതരണത്തിന് അയച്ച 50 ടണ്ണിലധികം കാലിത്തീറ്റകൾ തിരിച്ചെത്തിയതായാണ് അറിവ്. കേടായ കാലിത്തീറ്റകൾ ഫാക്ടറി വളപ്പിൽ കുഴിച്ചുമൂടി. ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത സർക്കാർ സ്ഥാപനമാണ് കേരള ഫീഡ്സെങ്കിലും ഇപ്പോൾ പുറത്തുവരുന്ന വസ്തുതകൾ അത്ര സുഖകരമല്ല.
തവിടിൽ പൂപ്പൽ ബാധിച്ചതാണ് കാലിത്തീറ്റ കേടാവാൻ കാരണമെന്നാണ് വിലയിരുത്തൽ. വലിയ ബിന്നുകളിൽ സൂക്ഷിക്കുന്ന അസംസ്കൃത വസ്തുക്കൾ ഗുണപരിശോധന നടത്താതെ ഉപയോഗിച്ചാണ് പൂപ്പല് ബാധക്ക് കാരണമെന്നാണ് നിഗമനം. കോഴിക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് അയച്ച ലോഡുകളാണ് ഉപയോഗശൂന്യമെന്ന് കണ്ടെത്തിയതിനെതുടർന്ന് തിരിച്ചുവന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് കേരള ഫീഡ്സ് തിരുവങ്ങൂരിൽ ആരംഭിച്ചത്. നാളികേര കോംപ്ലക്സ് പ്രവർത്തനം നിലച്ചതിനെതുടർന്ന് ആ സ്ഥലം ഉപയോഗിച്ചാണ് കാലിത്തീറ്റ ഫാക്ടറി പണിതത്.
എലൈറ്റ്, മിടുക്കി, കന്നുകുട്ടി പരിപാലനത്തിനുള്ള തീറ്റ എന്നിവയാണ് തിരുവങ്ങൂർ യൂനിറ്റിൽ ഉൽപാദിപ്പിക്കുന്നത്. എലൈറ്റ് 50 കിലോ ചാക്ക് ഒന്നിന് 1540 രൂപയും മിടുക്കിക്ക് 1430 രൂപയുമാണ് കമ്പനി വില.
കന്നുകുട്ടി പരിപാലനത്തിനുള്ള തീറ്റ സൗജന്യമായി പാൽ സൊസൈറ്റികൾ വഴി ക്ഷീരകർഷകർക്ക് വിതരണം ചെയ്യുന്നതാണ്. ഓരോ ഷിഫ്റ്റിലും 1500ലേറെ ചാക്ക് കാലിത്തീറ്റ ഉല്പാദിപ്പിച്ചിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ മന്ദഗതിയിലാണ് പ്രവർത്തനം. സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരുമടക്കം 200 പേർ ജോലി ചെയ്യുന്നു.
‘കേരള ഫീഡ്സിനെതിരെ വ്യാജ പ്രചാരണം’
കോഴിക്കോട്: പൊതുമേഖല കാലിത്തീറ്റ ഉൽപാദകരായ കേരള ഫീഡ്സിനെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി കമ്പനി ചെയർമാൻ കെ. ശ്രീകുമാർ പ്രസ്താവനയിൽ പറഞ്ഞു. വിപണിയിൽ ഏറ്റവും വില കുറച്ച് കാലിത്തീറ്റ വിൽക്കുന്ന കേരള ഫീഡ്സിനെ തകർക്കാൻ സ്വകാര്യ കാലിത്തീറ്റ ലോബി നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നിൽ. കാലംതെറ്റി വന്ന മഴമൂലമുണ്ടായ താൽക്കാലിക സാഹചര്യം നിമിത്തമാണ് വളരെ കുറച്ച് ചാക്കിൽ ഈർപ്പം കണ്ടെത്തിയത്. ഇത് പൂർണമായും തിരികെ എത്തിച്ച് അത്യാധുനിക ലബോറട്ടറിയിൽ പരിശോധനക്ക് വിധേയമാക്കി. തിരികെയെത്തിച്ചതിൽതന്നെ വളരെ കുറച്ച് ബാഗുകളിൽ മാത്രമാണ് പൂപ്പൽബാധ കണ്ടെത്തിയത്. സെപ്റ്റംബറിൽ 4192.98 ടൺ, ഒക്ടോബറിൽ 4232.63 ടൺ, നവംബറിൽ 4425.13 ടൺ എന്നിങ്ങനെയാണ് തിരവങ്ങൂരിലെ കാലിത്തീറ്റ ഉൽപാദനം. ദിവസം ശരാശരി 4000 ബാഗുകളാണ് ഇവിടെ നിറക്കുന്നത്. മുൻ മാസങ്ങളിലെയും ശരാശരി ഉൽപാദനം ഇതായിരിക്കെ യൂനിറ്റ് അടച്ചുപൂട്ടുമെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.