മാസപ്പടി കേസ്: പ്രാഥമിക അന്വേഷണമില്ലാതെ ഹരജി തള്ളിയത് തെറ്റെന്ന് അമിക്കസ് ക്യൂറി
text_fieldsകൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ അന്വേഷണം വേണമെന്ന ഹരജി പ്രാഥമിക അന്വേഷണമില്ലാതെ വിജിലൻസ് കോടതി തള്ളിയത് തെറ്റായ നടപടിയെന്ന് അമിക്കസ് ക്യൂറി ഹൈകോടതിയിൽ. വിജിലൻസ് അന്വേഷണം സംബന്ധിച്ച ആവശ്യത്തിന്മേൽ തീരുമാനമെടുക്കാൻ പ്രാഥമിക അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറി ഇക്കാര്യം കോടതിയെ അറിയിച്ചത്.
കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയെന്ന കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പുനഃപരിശോധന ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേസ് പരിഗണനയിലിരിക്കെ ഹരജിക്കാരൻ മരണപ്പെട്ടിരുന്നു. കേസുമായി മുന്നോട്ടു പോകുന്നില്ലെന്ന് ഗിരീഷ് ബാബുവിന്റെ ബന്ധുക്കൾ കോടതിയെ അറിയിച്ചെങ്കിലും പുനഃപരിശോധന ഹരജിയിൽ കോടതിക്ക് സ്വയം പരിശോധന നടത്താമെന്ന് വിലയിരുത്തിയ കോടതി വിജിലൻസ് അന്വേഷണ ആവശ്യം നിലനിൽക്കുമോ ഇല്ലയോ എന്നത് അറിയിക്കാൻ അഡ്വ. അഖിൽ വിജയിയെ അമിക്കസ് ക്യൂറിയായി നിയമിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്കടക്കം സി.എം.ആർ.എൽ നൽകാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്.
വ്യാഴാഴ്ച ഹരജി പരിഗണിച്ചപ്പോൾ അമിക്കസ് ക്യൂറിയെ വെച്ച് വാദം കേൾക്കുന്നതിൽ ഗിരീഷ് ബാബുവിന്റെ അഭിഭാഷകൻ എതിർപ്പ് അറിയിച്ചു. എന്നാൽ, ഹരജി തുടരാൻ താൽപര്യമില്ലെന്ന് ഹരജിക്കാരന്റെ ബന്ധുക്കൾ അറിയിച്ചതിനാൽ എതിർപ്പ് ഉന്നയിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ കാര്യവും മനസ്സിലാക്കേണ്ടതിനാലാണ് അമിക്കസ് ക്യൂറിയെ നിയമിച്ചതെന്നും വ്യക്തമാക്കി.
കമ്പനിയുടെ സുഗമമായ നടത്തിപ്പിന് ഉന്നത സ്ഥാനത്തുള്ളവർക്ക് പണം നൽകിയതായിപോലും കമ്പനി ജീവനക്കാർ സെറ്റിൽമെന്റ് ബോർഡ് മുമ്പാകെ മൊഴി നൽകിയിട്ടുള്ളതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. 2019 ജനുവരിയിൽ കൊടുത്ത ആദ്യ മൊഴി പിന്നീട് തിരുത്തി സത്യവാങ്മൂലം നൽകിയത് 2020 ഒക്ടോബറിലാണ്. ഇതൊക്കെ സംശയത്തിന് കാരണമാണ്. സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന് നിയമസാധുതയുണ്ട്. എതിർ ഭാഗത്തുള്ളവർ പ്രമുഖരും ഹരജിക്കാരൻ സാധാരണക്കാരനുമായതിനാൽ എല്ലാ തെളിവുകളും ഹാജരാക്കുന്നതിൽ പരിമിതിയുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.
അതേസമയം, പ്രാഥമികാന്വേഷണത്തിനുള്ള വസ്തുതകളൊന്നും ഇല്ലെന്നായിരുന്നു സർക്കാറിന് വേണ്ടി ഹാജരായ അഡീ. പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണന്റെ വാദം. ഹരജിയിലെ ആരോപണങ്ങൾ അവ്യക്തവും വിഷയം അഴിമതി തടയൽ നിയമത്തിന്റെ പരിധിക്ക് പുറത്തുള്ളതുമാണ്. ഇരുഭാഗത്തിന്റെയും വാദം പൂർത്തിയാക്കിയ ജസ്റ്റിസ് കെ. ബാബു തുടർന്ന് ഹരജി വിധി പറയാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.