വ്യാജ വാട്സ്ആപ് വഴി 'പണം കടംവാങ്ങൽ'; തട്ടിപ്പിനിരയാകുന്നത് നിരവധി പേർ
text_fieldsകോഴിക്കോട്: വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി 'പണം കടംവാങ്ങൽ' തട്ടിപ്പിനിരയാകുന്നത് ജില്ലയിലെ നിരവധി പേർ. നേരത്തേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള സംഘങ്ങളാണ് ഇതിന് ചുക്കാൻപിടിച്ചതെങ്കിൽ ഇപ്പോൾ മലയാളികളും ഈ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് സൂചന.
പ്രിൻസിപ്പൽ ജില്ല ജഡ്ജി, അസി. പൊലീസ് കമീഷണർ, ഐ.ഐ.എം ഡയറക്ടർ, കോളജ് പ്രിൻസിപ്പൽ തുടങ്ങി സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുടെയടക്കം പേരിലാണ് വ്യാജ വാട്സ്ആപ് അക്കൗണ്ടുകളുണ്ടാക്കി പണം കടമായി ആവശ്യപ്പെടുന്നത്. അടുത്തിടെ ഡി.ജി.പി അനിൽകാന്തിെൻറ പേരിൽ സമാന തട്ടിപ്പുനടത്തിയ നൈജീരിയൻ സംഘം ഡൽഹിയിൽ പിടിയിലായിരുന്നു. കൊല്ലത്തുള്ള അധ്യാപികയിൽനിന്ന് 14 ലക്ഷം രൂപയാണ് സംഘം തട്ടിയത്. ജില്ലയിൽ ഇത്രവലിയ തട്ടിപ്പില്ലെങ്കിലും നിരവധി പേർക്കാണ് ചെറിയ തുകകൾ നഷ്ടമായത്.
ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീറിെൻറയും ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയുടെയും ഫോട്ടോ ഡി.പിയാക്കി വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ടിരുന്നു. +91 7428453809 എന്ന നമ്പർ ഉപയോഗിച്ചാണ് ഇരുവരുടെയും പേരിൽ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത് സഹപ്രവർത്തകരിൽ നിന്നടക്കം പണം ആവശ്യപ്പെട്ടത്. ഇതിനുപിന്നിൽ ഡൽഹിയിലെ സംഘമാണ് എന്നാണ് സൈബർസെൽ അന്വേഷണത്തിൽ വ്യക്തമായത്.
സിറ്റി സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ്, ജില്ല ജഡ്ജി പി. രാഗിണി എന്നിവരുടെ ഫോട്ടോ ഉപയോഗിച്ചും അക്കൗണ്ടുകളുണ്ടാക്കി പണം ആവശ്യപ്പെട്ടിരുന്നു. ഇതിൽ ജില്ല ജഡ്ജിയുടെ പേരിലുള്ള തട്ടിപ്പിൽ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയാണ്. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് സൂചന ലഭിച്ചതോടെ അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചു. ഹൈകോടതി തന്നെ വിഷയത്തിൽ ഇടപെട്ടതോടെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്.
സാധാരണക്കാരടക്കം ഗൂഗ്ൾ പേ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഈ തട്ടിപ്പ് വ്യാപകമായത്. അജ്ഞാത സംഘം സ്ഥാപനങ്ങളുടെയടക്കം വെബ്സൈറ്റുകളിൽ നിന്ന് പ്രമുഖരുടെ ഫോട്ടോ എടുത്ത് മൊബൈൽ നമ്പറിെൻറ വാടസ്ആപ് ഡി.പിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ഇദ്ദേഹത്തിെൻറ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഹായ്, ഹലോ മെസേജ് അയച്ച് വാട്സ്ആപ് ചാറ്റ് ആരംഭിക്കും. മറുപടി ലഭിക്കുന്നതോടെ സൗഹൃദം പങ്കുവെച്ച് തന്ത്രത്തിൽ അൽപം തുക ഉടൻ ഈ നമ്പറിൽ അയക്കണമെന്നാവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.
വിശേഷങ്ങൾ ചോദിച്ചശേഷമാണ് പണം ആവശ്യപ്പെടുന്നത് എന്നതിനാൽ തട്ടിപ്പാണെന്ന് പെട്ടെന്നാർക്കും തോന്നില്ല. പിന്നീട് നേരിൽ കാണുമ്പോഴും പണം തിരികെ ആവശ്യപ്പെടുമ്പോഴുമെല്ലാമാണ് അക്കൗണ്ട് സുഹൃത്തിെൻറ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമാകുന്നത്. ആളുടെ വാട്സ്ആപ് ഡി.പി മാത്രം നോക്കി പണമയക്കുന്നതാണ് തട്ടിപ്പിന് കാരണമാകുന്നതെന്നാണ് സൈബർ സെൽ പയുന്നത്. ബന്ധപ്പെട്ടയാളുടെ നമ്പർ പരിശോധിച്ചശേഷമേ പണം അയക്കാവൂ. അജ്ഞാത നമ്പറിൽനിന്നുള്ള ചാറ്റുകൾക്ക് മറുപടി നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.