ഞെരുക്കം അതിരൂക്ഷം; പണമില്ലെന്ന് സമ്മതിക്കാൻ മടി
text_fieldsതിരുവനന്തപുരം: ശമ്പളമുടക്കമടക്കം പ്രതിസന്ധി രൂക്ഷമാകുമ്പോഴും ട്രഷറിയിൽ പണമില്ലെന്നത് തുറന്നുസമ്മതിക്കാൻ മടിച്ച് സർക്കാർ. പണമില്ലാത്തതല്ല പ്രശ്നമെങ്കിൽ എന്താണ് ശമ്പളമുടക്കത്തിന് കാരണമെന്നത് വിശദീകരിക്കാനും ധനവകുപ്പിന് കഴിയുന്നില്ല. കൈയിൽ പണമില്ലെന്നത് മറച്ചുവെക്കാൻ ശ്രമിക്കുമ്പോഴും പ്രതിസന്ധി വിശദീകരിച്ച് ധനമന്ത്രി ചെന്നെത്തുന്നത് കേന്ദ്രത്തിൽ നിന്നുള്ള 13,609 കോടിയുടെ കേന്ദ്രവിഹിതം മുടങ്ങിയതിലും.
ശമ്പള, പെൻഷൻ വിതരണത്തിൽ നേരിട്ട ‘സാങ്കേതിക പ്രശ്നം’ പരിഹരിച്ചെന്നും മൂന്നു ദിവസത്തിനുള്ളിൽ പൂർണമായും പണം അക്കൗണ്ടിലെത്തുമെന്നുമാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത്. മാത്രമല്ല, ‘വീണ്ടും സാങ്കേതിക പ്രശ്നമുണ്ടാകാതിരിക്കാനാണ്’ പിൻവലിക്കൽ പരിധി 50,000 രൂപയായി നിശ്ചയിച്ചതെന്നുമാണ് മന്ത്രി പറയുന്നത്.
ശമ്പളവിതരണം തുടങ്ങിയിട്ടുണ്ടെങ്കിലും ട്രഷറി ഇപ്പോഴും അനിശ്ചിതത്വം മറികടന്നിട്ടില്ല. സമീപകാല ചരിത്രത്തിൽ ആദ്യമായി ശമ്പളം പിൻവലിക്കലിന് പരിധിയേർപ്പെടുത്തിയതുതന്നെ ട്രഷറിയിലെ ഈ പ്രതിസന്ധി അടിവരയിടുന്നു. നിയന്ത്രണമേർപ്പെടുത്താതെ, ശമ്പള വിതരണം തുടങ്ങിയാൽ ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലേക്ക് പോകുന്ന സ്ഥിതിയുണ്ടാകും. ഇത് മറികടക്കാനാവശ്യമായ പോംവഴികളൊന്നും സർക്കാറിന്റെ കൈവശമില്ല. ഹ്രസ്വകാല നിക്ഷേപത്തിന് പലിശ വർധിപ്പിച്ച് ട്രഷറിയിലേക്ക് പണമെത്തിക്കാൻ ശ്രമം തുടങ്ങിയെങ്കിലും കാര്യമായി ഫലം കണ്ടിട്ടില്ല. പ്രതിസന്ധി പരിഹരിക്കുന്നതിന് പൊതുമേഖല സ്ഥാപനങ്ങളോട് ലാഭവും നീക്കിയിരിപ്പുമെല്ലാം അടിയന്തരമായി ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നിലവിലെ പ്രതിസന്ധി മറികടക്കാൻ ഈ തുകയും പര്യാപ്തമല്ല.
ഊർജ മേഖലയിലെ പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 4866 കോടിയടക്കം 13,609 കോടി രൂപയിലാണ് സംസ്ഥാനത്തിന്റെ ഇനിയുള്ള പ്രതീക്ഷ. ട്രഷറി അക്കൗണ്ടുകളിലെ നിക്ഷേപം തെറ്റായി കണക്കാക്കിയതു മൂലം കടമെടുപ്പിൽ 4323 കോടി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 13,900 കോടി പബ്ലിക് അക്കൗണ്ടിൽ നിന്ന് കേരളം കടമെടുത്തെന്നാണ് കേന്ദ്രം കണക്കാക്കുന്നത്.
എന്നാൽ, പബ്ലിക് അക്കൗണ്ടിൽ നിന്നുള്ള കടമെടുപ്പ് 9577 കോടി മാത്രമാണ്. ശേഷിക്കുന്ന 4323 കൂടി വായ്പക്ക് അനുവദിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. കഴിഞ്ഞവർഷത്തെ വായ്പാനുമതിയിൽ ബാക്കിനിൽപുള്ളത് 1877 കോടിയാണ്. പുനർവായ്പ (റീേപ്ലസ്മെന്റ് ലോൺ) ഇനത്തിലുള്ളത് 2543 കോടിയും. ഇതെല്ലാം ചേർത്തതാണ് കേരളത്തിൽ സാമ്പത്തിക വർഷാവസാനം കിട്ടാനുള്ള 13,609 കോടി. വായ്പപരിധി വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ നിയമപോരാട്ടത്തിലാണ്.
ഹജ്ജിന് ഒരുങ്ങുന്ന പെൻഷൻകാർക്ക് അപ്രതീക്ഷിത ആഘാതം
പാലക്കാട്: ട്രഷറിയിൽ നിന്ന് പണമെടുക്കാനുള്ള തുകയിലെ നിയന്ത്രണം ഹജ്ജിന് പോകാനൊരുങ്ങുന്ന പെൻഷൻകാർക്ക് അപ്രതീക്ഷിത ആഘാതമായി. ട്രഷറിയിൽ നിന്ന് പിൻവലിക്കാനുള്ള തുക 50,000 രൂപയായി ചുരുക്കിയതാണ് വിനയായത്. ഈ മാസം 10 നാണ് രണ്ടാംഗഡു അടക്കാനുള്ള അവസാന തീയതി എന്നിരിക്കെ ട്രഷറിയിൽ നിന്ന് നാല് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷം രൂപയാണ് പരമാവധി പിൻവലിക്കാനാകുക. വെയ്റ്റിങ് ലിസ്റ്റിലുൾപ്പെട്ടവർക്ക് ആദ്യ രണ്ട് ഗഡു ഇനത്തിൽ ആകെ 2,51,600 രൂപ അടക്കേണ്ടി വരും. ഒരു വീട്ടിൽ നിന്ന് ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ ഇരട്ടി തുക വേണ്ടിവരും. ട്രഷറി നിയന്ത്രണം ഉടൻ പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.