പണം ഇരട്ടിയാക്കൽ; അടിമാലിയിൽ യുവതി അറസ്റ്റിൽ
text_fieldsഅടിമാലി: ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കോതമംഗലം പൈങ്ങോട്ടൂർ കോട്ടേക്കുടി സുറുമിയെ(33)യാണ് സി.ഐ അനിൽ ജോർജിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അടിമാലിയിൽ ഏഴുപേരിൽനിന്ന് 11.5 ലക്ഷം രൂപ തട്ടിയെടുെത്തന്ന പരാതിയിലാണ് അറസ്റ്റ്. മേഖലയിൽ കൂടുതൽ പേരിൽനിന്ന് ഇവർ പണം തട്ടിയെടുത്തതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
2020 ഏപ്രിലിൽ മൂന്ന് കുട്ടികളുമായി അടിമാലിയിൽ എത്തിയ സുറുമി അടിമാലി മാപ്പാനിക്കുന്നിൽ വാടകക്ക് താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. അടിമാലിയിൽനിന്ന് മുങ്ങിയ ഇവരെ മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിച്ചിറങ്ങരയിൽ വാടകക്ക് താമസിക്കുന്നിടത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. അടിമാലി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അടിമാലിയിൽ താമസിക്കവെ ഇവർ അയൽവാസികളെയാണ് ആദ്യം കെണിയിൽപെടുത്തിയത്. ആദ്യം ചെറിയ തുകകൾ വാങ്ങി ഇരട്ടിയായി തിരികെ കൊടുത്തു. പിന്നീട് പലരിൽ നിന്നായി വലിയ തുക കൈപ്പറ്റിയ ശേഷം സെപ്റ്റംബർ 23ന് അടിമാലിയിൽനിന്ന് മുങ്ങി. ഭർത്താവ് ഗൾഫിലാണെന്നാണ് യുവതി നാട്ടുകാരോട് പറഞ്ഞിരുന്നത്.
ഇതോടൊപ്പം ഒരു പവൻ സ്വർണം നൽകിയാൽ ആറുമാസംകൊണ്ട് ഇരട്ടി സ്വർണമോ, പണമോ നൽകാമെന്ന് പറഞ്ഞ് ഇവർ സ്വർണം തട്ടിയെടുത്തതായും പരാതിയുണ്ട്.
പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു പേരിൽനിന്നായി 58 ലക്ഷം രൂപയും ആറു പവൻ സ്വർണവും തട്ടിയെടുത്തതിനും 2017ൽ കോട്ടയം താഴത്തങ്ങാടിയിൽനിന്ന് ആറുപേരിൽനിന്ന് 25 ലക്ഷം തട്ടിയെടുത്തതിനും 2015 ബന്ധുവിൽനിന്ന് 10 ലക്ഷം തട്ടിയെടുത്തിന് മൂവാറ്റുപുഴ സ്റ്റേഷനിലും കേസുണ്ട്.
ഇടുക്കി, എറണാകുളം, കോട്ടയം, കാസർകോട്, മലപ്പുറം, ജില്ലകളിലായി അഞ്ചു വർഷത്തിനിടെ രണ്ട് കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായി പൊലീസിെൻറ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.