മുംബൈ പൊലീസെന്ന വ്യാജേന പണം തട്ടൽ: 25 അക്കൗണ്ടുകള്‍ മരവിപ്പിച്ചു
text_fieldsപാലക്കാട്: കൊറിയര്‍ കമ്പനി വഴി അയച്ച പാര്‍സലില്‍ മയക്കുമരുന്നുണ്ടെന്ന് ഭീഷണിപ്പെടുത്തി പാലക്കാട് സ്വദേശിയായ യുവതിയില്‍നിന്ന് മുംബൈ പൊലീസ് എന്ന വ്യാജേന 45 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ പണം കൈമാറ്റം ചെയ്തത് വിവിധ സംസ്ഥാനങ്ങളിലെ ഒമ്പത് അക്കൗണ്ടുകള്‍ വഴി. ഈ അക്കൗണ്ടുകളടക്കം സമാന രീതിയില്‍ തട്ടിപ്പിനായുള്ള 25 അക്കൗണ്ടുകള്‍ പാലക്കാട് സൈബര്‍ പൊലീസ് മരവിപ്പിച്ചു. തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര, യു.പി, രാജസ്ഥാന് സംസ്ഥാനങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കാണ് പണം അയപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദിണ്ടിഗല്‍ സ്വദേശികളായ ബാലാജി രാഘവന് (34), ഇന്ദ്രകുമാര്‍ (20) ചെന്നൈ സ്വദേശി മോഹന്‍കുമാര്‍ (27) എന്നിവര്‍ പിടിയിലായിരുന്നു.
ആഗസ്റ്റ് 21ന് ഉച്ചക്ക് ഒന്നുമുതല്‍ 22ന് രാവിലെ വരെയുള്ള സമയത്തിനകം മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുമെന്ന് ഭീഷണിപ്പെടുത്തി സ്കൈപ് കോള്‍ വഴി മുംബൈ പൊലീസ് നാർകോട്ടിക് വിഭാഗമാണെന്ന വ്യാജേന വിളിച്ചാണ് പണം തട്ടിയത്. ഇന്ദ്രകുമാറിന്റെ ദിണ്ടിഗലിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എട്ടുലക്ഷം രൂപയോളം അയച്ചിട്ടുണ്ടെന്നാണ് വിവരം. ഈ അക്കൗണ്ട് വിവരങ്ങള്‍ വഴി പാലക്കാട് സൈബര്‍ പൊലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് കൃത്യം നടന്ന് പത്താംദിവസം തന്നെ സൈബര്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികളെ പിടികൂടാനായത്. വിദേശികളടക്കമുള്ള വലിയ നെറ്റ്വര്‍ക്ക് തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് സൂചന.
യുവതി അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം ചെക്ക് വഴി അക്കൗണ്ടുകളില്‍നിന്ന് പണമായി പിന്‍വലിച്ചാണ് തട്ടിപ്പിന്റെ മുകള്‍ തട്ടിലുള്ള സംഘങ്ങളിലേക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് മനസ്സിലായിട്ടുണ്ട്. കഴിഞ്ഞദിവസം പിടിയിലായവരില്‍ ബാലാജി രാഘവന് 10ഓളം അക്കൗണ്ടുകളാണ് തട്ടിപ്പിനായി കൈകാര്യം ചെയ്യുന്നത്. ഈ അക്കൗണ്ടുകളില്‍ വരുന്ന പണം പിന്‍വലിച്ച് മാറ്റി നിക്ഷേപിക്കേണ്ട അക്കൗണ്ടുകള്‍ നിര്‍ദേശിക്കുന്നതും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മോഹന്‍കുമാറാണ്. ഇവരെ മൂന്നുപേരെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ പൂര്‍ണ ചിത്രം വ്യക്തമാകൂ.
പണം കൈമാറ്റം ചെയ്യപ്പെട്ട വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സൈബര്‍ പൊലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ആഗസ്റ്റ് 23ന് എഫ്.ഐ.ആറിട്ട കേസ് അന്വേഷിക്കുന്നത് ഇന്‍സ്പെക്ടര്‍ ജെ.എസ്. സജീവ് കുമാര്‍, ഗ്രേഡ് എസ്.ഐ സി.എസ്. രമേശ്, എസ്.സി.പി.ഒ എം. മനേഷ്, സി.പി.ഒമാരായ വി.എ. ശിഹാബുദ്ദീന്, എ. മുഹമ്മദ് ഫാസില്‍ എന്നിവരടങ്ങുന്ന സംഘമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.