ഉദ്ഘാടനത്തിന് പണം: സുരേഷ് ഗോപിയുടെ പ്രസ്താവന നിയമലംഘനം -എൽ.ഡി.എഫ്
text_fieldsതൃശൂർ: ഉദ്ഘാടനങ്ങൾക്ക് പണം പറ്റുമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന നിലവിലുള്ള നിയമവ്യവസ്ഥയുടെ ലംഘനമാണെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി. കേന്ദ്രമന്ത്രിക്ക് നിയമവ്യവസ്ഥയെക്കുറിച്ച് പ്രാഥമിക ധാരണയെങ്കിലും ഉണ്ടാകണം. താൻ ഉദ്ഘാടനങ്ങൾ സൗജന്യമായി ചെയ്യില്ലെന്നും പ്രതിഫലം വാങ്ങുമെന്നുമാണ് പറഞ്ഞത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എം.പി, എം.എൽ.എ തുടങ്ങിയവർക്ക് ‘ഓഫിസ് ഓഫ് പ്രോഫിറ്റ്’ നിയമം ബാധകമാണ്. ഈ പദവികൾക്കു പുറമെ പ്രതിഫലം പറ്റുന്ന മറ്റു ജോലികൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
കേന്ദ്രമന്ത്രിയുടെ യാത്രക്കും സൗകര്യങ്ങൾക്കും സുരക്ഷക്കും ഖജനാവിൽനിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. നിയമാനുസൃത സൗകര്യങ്ങൾ ഉള്ളപ്പോൾതന്നെ താൻ സ്വകാര്യവ്യക്തികളിൽനിന്ന് പണം പറ്റുമെന്ന് പ്രഖ്യാപിക്കുന്നത് നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കലാണെന്നും പ്രസ്താവന പ്രതിഷേധാർഹമാണെന്നും ജില്ല കൺവീനർ കെ.വി. അബ്ദുൾ ഖാദർ പ്രസ്താവനയിൽ പറഞ്ഞു.
അസംബന്ധമെന്ന് സുരേഷ് ഗോപി
തൃശൂർ: ഉദ്ഘാടന പരിപാടികൾക്ക് പണം വാങ്ങുമെന്ന തന്റെ പ്രസ്താവനക്കെതിരെ ഉയരുന്ന ആക്ഷേപം അസംബന്ധമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പോകുന്ന പരിപാടികൾക്കെല്ലാം പണം വാങ്ങുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം തൃശൂർ പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസി’ൽ പ്രതികരിച്ചു.
‘ഒരു കലാകാരനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച് ക്രയവിക്രയത്തിൽ വർധനയുണ്ടാക്കുന്ന വാണിജ്യ സംരംഭങ്ങൾക്ക്’ എന്നാണ് പറഞ്ഞത്. സിനിമയിലെ സഹപ്രവർത്തകർ ചെയ്യുന്നതുപോലെ അത് ചെയ്യുമെന്നാണ് പറഞ്ഞത്. പക്ഷേ, അതിൽനിന്ന് നയാപൈസ താൻ വീട്ടിൽ കൊണ്ടുപോകില്ല, അത് പാവങ്ങൾക്കുള്ളതാണ് എന്നുപറഞ്ഞത് എന്തേ ആക്ഷേപിക്കുന്നവരുടെ ഹൃദയത്തിൽ തട്ടിയില്ല’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.