സ്കൂൾ മേളകളുടെ പണം ഇനിയും ലഭിച്ചില്ല; കൺവീനർമാർ വലയുന്നു
text_fieldsപത്തനംതിട്ട: അധ്യയന വർഷത്തെ വിവിധ മേളകൾ കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പണം അനുവദിച്ചില്ല. ഇതോടെ വലിയ സാമ്പത്തിക ഭാരം തലയിലായ മേള കൺവീനർമാർ വലയുകയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തിൻ നടന്ന ജില്ലാ തല കായികമേള, ശാസ്ത്രമേള, കലോത്സവം എന്നിവ നവംബർ-ഡിസംബർ മാസങ്ങളിലാണ് നടന്നത്. ആറ് മാസം കഴിഞ്ഞിട്ടും പരിപാടികൾ സംഘടിപ്പിച്ച കൺവീനർമാർക്ക് ഫണ്ട് അനുവദിച്ചിട്ടില്ല. ഓരോ മേളക്കും 10 ലധികം കമ്മിറ്റികളാണ് പ്രവർത്തിച്ചത്. എന്നാൽ, കമ്മിറ്റി കൺവീനർമാർക്ക് ബജറ്റ് തുകയിൽ 50 ശതമാനം മുതൽ 60 ശതമാനം വരെ മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. ചില കൺവീനർമാർക്ക് ഒരു രൂപ പോലും അനുവദിച്ചിട്ടുമില്ല. പത്തനംതിട്ട ഒഴികെയുള്ള മിക്ക ജില്ലകളിലും മുഴുവൻ തുകയും അനുവദിച്ചപ്പോൾ ഇവിടെ മാത്രമാണ് ഈ സ്ഥിതിയുള്ളത് എന്നാണ് അധ്യാപകർ പറയുന്നത്. മേളകളുടെ നടത്തിപ്പിന് അധ്യാപകരിൽനിന്നും ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസസുകളിലെ വിദ്യാർഥികളിൽ നിന്നും പണം പിരിച്ചെടുത്തതാണ്. അധ്യാപകരിൽ നിന്ന് 250 രൂപ വീതമാണ് പിരിച്ചത്.
മുൻ വർഷങ്ങളിൽ മേളകൾ ആരംഭിക്കുമ്പോൾ 70 ശതമാനം തുകയും പൂർത്തീകരിച്ച ശേഷം ബില്ലും വൗച്ചറുകളും സമർപ്പിക്കുമ്പോൾ മുഴുവൻ തുകയും അനുവദിക്കുന്നതായിരുന്നു രീതി. എന്നാൽ, ഇത്തവണ ബില്ലും വൗച്ചറും സമർപ്പിച്ചതിനു ശേഷവും സർക്കാർ ഉത്തരവ് വരണം, ഡി.ജി.ഇ അനുവാദം വേണം എന്നിങ്ങനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിയുകയാണ് അധികൃതർ. ഫണ്ട് കിട്ടുമെന്ന പ്രതീക്ഷയിൽ കടം വാങ്ങിയും പണയം വച്ചും മേളകൾ ഭംഗിയായി സംഘടിപ്പിച്ച അധ്യാപകർ ബുദ്ധിമുട്ടുകയാണ്. രണ്ട് ലക്ഷത്തിലധികം രൂപ വരെ കിട്ടാനുള്ള കൺവീനർമാരുണ്ട്.
ശാസ്ത്രമേളയിലും കായികമേളയിലും ജില്ലാ കൺവീനർമാരായി വരുന്നത് ഉപജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ക്ലബ് കൺവീനർമാരാണ്. ജില്ല കലോത്സവത്തിൽ പ്രോഗ്രാം, ഭക്ഷണം, റിസപ്ഷൻ, പബ്ലിസിറ്റി, ലൈറ്റ്ആന്റ് സൗണ്ട്, പന്തൽ, വെൽഫയർ, ട്രോഫി തുടങ്ങിയ 15 ഓളം കമ്മിറ്റികളും ശാസ്ത്ര കായിക മേളകളിലെ ഭക്ഷണം, പന്തൽ, ലൈറ്റ് ആന്റ് സൗണ്ട് തുടങ്ങിയ കമ്മിറ്റികളുടെ കൺവീനർമാരായി വരുന്നത് അംഗീകൃത അധ്യാപക സംഘടന പ്രതിനിധികൾ ആണ്.
അധ്യയനവർഷം അവസാനിച്ച് പുതിയ അധ്യയന വർഷത്തേക്ക് കടക്കുമ്പോഴും ഫണ്ട് അനുവദിക്കാത്ത പത്തനംതിട്ട ഡി.ഡി.ഇയുടെ നടപടി പ്രതിഷേധാർഹമാണെന്ന് മേളയുടെ കൺവീനർമാരുടെ കോഓർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഫണ്ട് അനുവദിക്കാത്തപക്ഷം അടുത്ത ആഴ്ചയിൽ ഡി.ഡി ഓഫിസ് ഉപരോധം അടക്കമുള്ള വിവിധ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് അംഗങ്ങൾ പറഞ്ഞു. എസ്. പ്രേം, സനൽകുമാർ. ജി, ഹബീബ് മദനി, അജിത്ത് ഏബ്രഹാം, വി.ജി. കിഷോർ, ജിജി വർഗീസ്, ഹാഷിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.