കള്ളപ്പണം വെളുപ്പിക്കൽ: ഭാസുരാംഗനെയും മകനെയും റിമാൻഡ് ചെയ്തു
text_fieldsകൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സി.പി.ഐ നേതാവും കണ്ടല സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറുമായ എൻ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് തിരികെ ഹാജരാക്കിയപ്പോഴാണ് കലൂരിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ പ്രകാരമുള്ള (പി.എം.എൽ.എ) കോടതി ഡിസംബർ അഞ്ചുവരെ റിമാൻഡ് ചെയ്തത്. പ്രതികൾ രണ്ടുപേരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കൂടുതൽ രേഖകൾ ശേഖരിച്ചശേഷം വീണ്ടും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ഇ.ഡി പറഞ്ഞു.
അതിനിടെ, ഭാസുരാംഗന് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മതിയായ ചികിത്സ ഉറപ്പാക്കണമെന്നും പ്രതിഭാഗം പറഞ്ഞു. എന്നാൽ, ഇത് തന്ത്രമാണെന്നും ആശുപത്രിതന്നെ വിലക്ക് വാങ്ങാൻ കഴിവുള്ളയാളാണ് ഭാസുരാംഗനെന്നും ഇ.ഡി പറഞ്ഞു. നിരവധി തവണ മെഡിക്കൽ പരിശോധന നടത്തിയതാണ്. ഭാസുരാംഗന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും കൂട്ടിച്ചേർത്തു.
ഏറെ സ്വാധീനമുള്ളയാളായതിനാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഇ.ഡി ഉന്നയിച്ചു.
കരുവന്നൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിനെ ഇ.ഡി ചോദ്യംചെയ്തു
കൊച്ചി: കരുവന്നൂർ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പാർട്ടിയുടെ തൃശൂർ ജില്ല സെക്രട്ടറിയുമായ എം.എം. വർഗീസിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്തു. സാക്ഷിയെന്ന നിലയിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. രാവിലെ പത്തിന് ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരായ വർഗീസിനെ ഒമ്പത് മണിക്കൂറോളം ചോദ്യംചെയ്തു.
കേസില്‍ ഒന്നാം പ്രതിയായ സതീഷ്കുമാർ പാര്‍ട്ടിയുടെ പല ആവശ്യങ്ങള്‍ക്കുവേണ്ടിയും ഫണ്ട് അനുവദിച്ചത് ജില്ല സെക്രട്ടറിയായ എം.എം. വര്‍ഗീസിന്റെ അറിവോടെയാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡി വാദം. ഈ പശ്ചാത്തലത്തിലാണ് ചോദ്യംചെയ്യല്‍. 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്നാണ് ഇ.ഡി നല്കുന്ന സൂചന. ഹാജരാകാൻ സാവകാശം ചോദിച്ചെങ്കിലും ഇ.ഡി സമ്മതിച്ചില്ലെന്നും കരുവന്നൂർ കള്ളപ്പണക്കേസുമായി തനിക്ക് ബന്ധമില്ലെന്നും വർഗീസ് പറഞ്ഞു. ഡിസംബർ ഒന്നിന് വർഗീസിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.