കുഴൽപണ കവർച്ച: ബി.ജെ.പി നേതാക്കൾ പ്രതികളുമായി കൂടിക്കാഴ്ച നടത്തി, കേസൊതുക്കാനും നീക്കം
text_fieldsതൃശൂർ: കൊടകര കുഴൽപണ കവർച്ചക്കേസിലെ പ്രതികളുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ആരോപണ വിധേയരായ നേതാക്കൾക്കൊപ്പം ഉന്നത നേതാവും പങ്കെടുത്തു. കണ്ണൂരിലായിരുന്നു രഹസ്യക്കൂടിക്കാഴ്ച. ഇതിന് അവസരമൊരുക്കിയത് ആർ.എസ്.എസ് നേതൃത്വത്തിലെ പ്രമുഖനാണെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.
ഇതുസംബന്ധിച്ച അന്വേഷണത്തിനായി ഉടൻ തന്നെ നേതാക്കളെ വിളിപ്പിച്ചേക്കുമെന്നാണറിയുന്നത്. കവർച്ച വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു കേസിലെ മുഖ്യപ്രതിയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി ഓഫിസിലെ ഏപ്രിൽ രണ്ടിലെ സി.സി.ടി.വി ദൃശ്യം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഈ സമയത്ത് സി.സി.ടി.വി തകരാറിലായിരുന്നെന്നാണ് മറുപടി ലഭിച്ചതത്രെ. ഇത് വിശ്വാസയോഗ്യമല്ലെന്നാണ് വിലയിരുത്തൽ. ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ, മേഖല സെക്രട്ടറി ജി. കാശിനാഥൻ, സംസ്ഥാന ഓഫിസ് സെക്രട്ടറി ജി. ഗിരീഷ്, തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ട്രഷറർ സുജയ് സേനൻ എന്നിവരുടെ മൊഴികൾ അന്വേഷണസംഘം പ്രാഥമികമായി പരിശോധിച്ചു.
പണമിടപാടില്ലെന്നും വിളിച്ചത് സംഘടന കാര്യങ്ങൾ പറയാനാണെന്നുമുള്ള എല്ലാവരുടെയും മൊഴി ആസൂത്രിതമാണെന്നാണ് വിലയിരുത്തൽ. പണം കടത്തുന്നതിെൻറ സമീപ ദിവസങ്ങളിലും ശേഷവും തുടർച്ചയായുണ്ടായ വിളികൾ സംശയാസ്പദമാണ്.
ഫണ്ട് സംബന്ധിച്ച് സംസ്ഥാന പ്രസിഡൻറിനോട് ചോദിക്കൂവെന്ന ആലപ്പുഴ ജില്ല ട്രഷററുടെ മൊഴി ഗൗരവത്തിൽ കാണാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. നേതൃത്വമറിയാതെ പണമെത്തില്ലെന്നാണ് മൊഴിയിൽനിന്ന് ലഭിച്ച വിവരം. ഡിജിറ്റൽ തെളിവുകളുമായി നേതാക്കളെയും പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. കവർച്ച പണത്തിൽ ഒന്നേകാൽ കോടിയോളം ഇതിനകം കണ്ടെത്തി. തൃശൂരിലെ ബി.ജെ.പി നേതാവുമായി അടുപ്പമുള്ളയാൾ മുഖേനയാണ് പണം ഒളിപ്പിച്ചതെന്നാണ് കരുതുന്നത്.
ഇതിനിടെ കേസൊതുക്കാനുള്ള നീക്കവും നടക്കുന്നതായി സൂചനയുണ്ട്. നേതാക്കളുമായി അടുപ്പമുള്ള വിവാദ ക്രിമിനൽ അഭിഭാഷകൻ ഇടനിലക്കാരനായാണ് ശ്രമം നടക്കുന്നത്. ആരോപണവിധേയനായ ജില്ല നേതാവിെൻറ അടുത്ത സുഹൃത്ത് കൂടിയാണ് അഭിഭാഷകൻ. ബി.ജെ.പിക്കാർ പ്രതികളാവുന്ന കേസുകളിൽ ഒത്തുതീർപ്പിന് ഇയാളാണ് എത്താറുള്ളതത്രെ. കേസ് ആർ.എസ്.എസിലും ബി.ജെ.പിയിലും വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. ഔദ്യോഗിക ഗ്രൂപ്പുകളിൽ പരസ്പര പോർവിളിയാണ് നടക്കുന്നത്.
ജില്ല ഓഫിസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും
കുഴൽപണക്കേസിൽ ബി.ജെ.പി തൃശൂർ ജില്ല ഓഫിസ് െസക്രട്ടറി സതീഷ് പോട്ടോരിനെ അന്വേഷണസംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദേശം നൽകി. പണവുമായി എത്തിയ ധർമരാജിനും ഡ്രൈവർ ഷംജീറിനും സഹായി റഷീദിനും മുറിയെടുത്തു നൽകിയത് ജില്ലാ ഓഫിസിൽ നിന്ന് വിളിച്ചതനുസരിച്ചാണെന്നായിരുന്നു ഹോട്ടൽ ജീവനക്കാരെൻറ മൊഴി.
ഓഫിസ് ചുമതലയിൽ സതീഷായിരുന്നെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇയാളെ വിളിപ്പിക്കുന്നത്. സംഘടന സെക്രട്ടറി എം. ഗണേശൻ, മേഖല സെക്രട്ടറി ജി. കാശിനാഥൻ തുടങ്ങിയവരെ ചോദ്യം ചെയ്തതിെൻറ തുടർച്ചയാണിത്. പണവുമായെത്തിയ സംഘത്തിന് തൃശൂരിൽ തങ്ങാൻ അവസരമൊരുക്കിയത് ഗൂഢാലോചനയുടെ ഭാഗമാണോയെന്നും പണം കടത്ത് വിവരങ്ങളും അറിയാനാണ് ചോദ്യം ചെയ്യൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.