കുഴൽപണ കവർച്ച: ഡിജിറ്റൽ തെളിവുകളോടെ ബി.ജെ.പി ഉന്നത നേതാക്കളെ ചോദ്യം ചെയ്യും
text_fieldsതൃശൂർ: കൊടകര കുഴൽപണ കവർച്ചകേസിൽ ഉന്നത ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. മൊബൈൽ റെക്കോഡുകളും സി.സി.ടി.വി ദൃശ്യങ്ങളുമുൾപ്പെടെ ഡിജിറ്റൽ െതളിവുകളോടെയാണ് ചോദ്യം ചെയ്യുക.
ഇതുവരെ ചോദ്യം ചെയ്തവരുടെ മൊഴികളിൽ ഞായറാഴ്ച പരിശോധന നടക്കും. ഇടനിലക്കാരായ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജ്, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്ക്, ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ, ഓഫിസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരുടെ മൊഴികളാണ് ഞായറാഴ്ച പരിശോധിക്കുന്നത്.
കവർച്ചക്ക് തൊട്ടുമുമ്പും സമീപ ദിവസങ്ങളിലുമായി നേതാക്കൾ തമ്മിലും ധർമരാജുമായും ബന്ധപ്പെട്ടിരുന്നതിെൻറ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ധർമരാജുമായി ബന്ധപ്പെട്ടതെന്തിന് എന്ന ചോദ്യത്തിന് സംഘടനാപരമായ കാര്യങ്ങൾക്കും തെരഞ്ഞെടുപ്പ് സാമഗ്രികൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുമാണെന്നുമായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാൽ, ഈ മൊഴി വിശ്വാസയോഗ്യമല്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. സംഘടന സെക്രട്ടറിയും ആലപ്പുഴ ജില്ല ട്രഷററും ഓഫിസ് സെക്രട്ടറിയും നിരന്തരം ധർമരാജിനെ ബന്ധപ്പെട്ടത് സംശയത്തിലാണ്.
സംഘടന ജനറൽ സെക്രട്ടറിയെ ചോദ്യംചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കുഴൽപണവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജെൻറ മൊഴി നിർണായകമാണ്.
ഇവരെ വീണ്ടും വിളിപ്പിക്കാനാണ് ആലോചിക്കുന്നത്. പണവുമായെത്തിയ സംഘത്തിന് തൃശൂരിൽ താമസിക്കാൻ മുറിയെടുത്ത് നൽകിയത് ബി.ജെ.പി ജില്ല ഓഫിസിൽ നിന്നാണെന്ന് ഹോട്ടൽ ജീവനക്കാരെൻറ മൊഴിയുണ്ട്. ഇതനുസരിച്ച് തൃശൂർ ഓഫിസ് സെക്രട്ടറി സതീശിനെ ഉടൻ ചോദ്യം ചെയ്യും. പ്രതികളിൽ ചിലരെയും ഈ ആഴ്ചയിൽ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
അതിനിടെ, കവർച്ച െചയ്യപ്പെട്ട പണം തൃശൂരിലെ ബി.ജെ.പി നേതാവുമായി അടുപ്പമുള്ളയാൾ വഴിയാണ് ഒളിപ്പിച്ചിച്ചതെന്ന സൂചനയും ലഭിച്ചു. ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. പണം കർണാടകത്തിലെ ബി.ജെ.പി കേന്ദ്രത്തിൽനിന്ന് വന്നതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ബി.ജെ.പിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് ഓഫിസ് സെക്രട്ടറിയും
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് സംസ്ഥാന ഓഫിസ് സെക്രട്ടറി ജി. ഗിരീഷിെൻറയും മൊഴി. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത സംഘടന സെക്രട്ടറി എം. ഗണേശൻ നൽകിയ മൊഴിക്ക് സമാനമൊഴിയാണ് ഗിരീഷും നൽകിയത്. തൃശൂർ പൊലീസ് ക്ലബിൽ മൂന്നര മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യൽ.
പണം വന്നതുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു പ്രധാന ചോദ്യങ്ങൾ. ധർമരാജൻ പണം കടത്തിയത് സംബന്ധിച്ച് പാർട്ടിക്ക് ബന്ധമില്ലെന്നും ഗിരീഷ് പറഞ്ഞു. പണം കൊണ്ടുവന്ന ധർമരാജനെ ഫോണിൽ വിളിച്ചത് സംഘടനാപരമായ ആവശ്യങ്ങൾക്കാണെന്നും പറഞ്ഞു. ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്തയുടെയും തൃശൂരിലെ നേതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സംസ്ഥാന ഓഫിസ് സെക്രട്ടറി ജി. ഗിരീഷിനെ ചോദ്യം ചെയ്തത്.
പണവുമായി എത്തിയ ധർമരാജനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടത് എന്തിനാണെന്നതുൾെപ്പടെയുള്ള കാര്യങ്ങൾ അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം ഗിരീഷിനെ അറിയിച്ചിട്ടുണ്ട്. എം. ഗണേശനെയും ജി. ഗിരീഷിനെയും മുമ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരാകാന്‍ തയാറായിരുന്നില്ല. അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.