പോസ്റ്റ് ഒാഫിസുകൾ കോർ സംവിധാനത്തിലേക്ക്: മണിയോർഡർ പെൻഷൻ വൈകും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ് ഒാഫിസുകൾ കോർ പോസ്റ്റൽ സംവിധാനത്തിലേക്ക് മാറുന്നത് മൂലം മണിയോർഡർ വഴി വിതരണം ചെയ്യുന്ന പെൻഷനുകൾ വരും മാസങ്ങളിൽ വൈകിയേക്കും. മേയ് ഒന്നു മുതലാണ് പോസ്റ്റ് ഒാഫിസുകൾ പുതിയ സംവിധാനത്തിലേക്ക് മാറിത്തുടങ്ങിയത്. ജൂൺ 12ഒാടെ മാത്രമേ നടപടികൾ പൂർത്തിയാകൂ. പോസ്റ്റ് ഒാഫിസുകളുടെ പ്രവർത്തനത്തിൽ വൻ മാറ്റം വരുത്തുന്നതാണ് പുതിയ കോർ സംവിധാനം. മണിയോർഡർ പെൻഷൻ വൈകാനിടയുള്ള സാഹചര്യത്തിൽ ആവശ്യമായ നടപടി കൈക്കൊള്ളാൻ ട്രഷറി ഡയറക്ടർ ട്രഷറികൾക്ക് നിർദേശം നൽകി.
മണിയോർഡർ പെൻഷൻ വൈകുമെന്ന വിവരം അടിയന്തരമായി ഇടപാടുകാരെ അറിയിക്കാനും തുടർന്നുള്ള വിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കാനും ട്രഷറികൾക്ക് നിർദേശമുണ്ട്. പെൻഷൻകാരുടെ വിലാസത്തിലെ പിൻകോഡ്, പോസ്റ്റ് ഒാഫിസ് എന്നിവ പരിശോധിച്ച് കൃത്യത ഉറപ്പാക്കണം. വ്യത്യാസമുള്ളവ മേയ് 28ന് മുമ്പായി മണിയോർഡർ സമർപ്പിക്കുന്ന പോസ്റ്റ് ഒാഫിസുകളുമായി ബന്ധപ്പെട്ട് പരിഹരിക്കണം. മേയിൽതന്നെ പുതിയ സോഫ്റ്റ്വെയർ സ്വീകരിക്കുന്ന പോസ്റ്റ് ഒാഫിസുകളിൽ അടുത്ത ജൂണിലെ പെൻഷൻ മണിയോർഡർ തുക പോസ്റ്റ് ഒാഫിസ് അക്കൗണ്ടുകളിൽ െക്രഡിറ്റ് ചെയ്യുന്നതിന് മുമ്പായി പോസ്റ്റ് ഒാഫികളുമായി ബന്ധപ്പെടാനും നിർദേശമുണ്ട്.
കോർ പോസ്റ്റൽ സംവിധാനം നടപ്പാകുന്നതോടെ നിലവിൽ മൂന്നു ദിവസംകൊണ്ട് ചെയ്തിരുന്ന നടപടികൾ അതിവേഗത്തിലാകും. സാമ്പത്തിക ഇടപാടുകൾ കൃത്യവും വേഗമാർന്നതുമാകും. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഒാഫിസ്, കാട്ടാക്കട , പാലാ ,അയ്യന്തോൾ ഹെഡ് പോസ്റ്റ് ഒാഫിസുകളും അതിനു കീഴിലെ സബ് ഒാഫിസുകളും ഇതിനകം കോർ പോസ്റ്റൽ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റുള്ളവയും പുതിയ സംവിധാനത്തിലേക്ക് വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.