പി.എൻ.ബിയിൽ നിന്ന് പണം തട്ടിയത് ഓഹരി വ്യാപാരത്തിലെ നഷ്ടം നികത്താൻ, കൂട്ടുപ്രതികളില്ലെന്ന് റിജിൽ
text_fieldsകോഴിക്കോട്: കോഴിക്കോട് കോർപറേഷന്റേതടക്കം 17 അക്കൗണ്ടുകളിൽ 21.29 കോടിയുടെ ക്രമക്കേട് നടത്തി, 12.68 കോടി രൂപ തട്ടിയ കേസിൽ പണം തിരിമറി നടത്തിയത് ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനെന്ന് പ്രതി മുൻ മാനേജർ റിജിൽ.
ഐ.സി.ഐ.സി.ഐയിൽ നിന്ന് ഏഴുലക്ഷം രൂപ വായ്പയെടുത്താണ് ഓഹരി വ്യാപാരം തുടങ്ങിയത്. നഷ്ടം നികത്താൻ 30 ലക്ഷം രൂപ ഹോംലോണെടുത്ത് നിക്ഷേപിച്ചു. ലോണെടുത്ത പണവും നഷ്ടപ്പെട്ടതോടെ കടം വാങ്ങിയെന്ന് റിജിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കടം പരിധി വിട്ടപ്പോൾ കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് പണം തിരിമറി നടത്തി. അക്കൗണ്ടിൽ അവശേഷിക്കുന്നത് നാലു ലക്ഷം രൂപയാണെന്നും റിജിൽ മൊഴി നൽകി.
തട്ടിപ്പ് ഒറ്റക്ക് നടത്തിയതാണെന്നും മറ്റാരും കൂട്ടിനുണ്ടായിരുന്നില്ലെന്നും റിജിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കേസിലെ പ്രതിയായ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക്റോഡ് ശാഖ മുൻ സീനിയർ മാനേജർ നായർകുഴി സ്വദേശി ഏരിമല പറപ്പാറമ്മൽ വീട്ടിൽ എം.പി. റിജിലിനെ (32) ജില്ല ക്രൈംബ്രാഞ്ച് ബുധനാഴ്ച വൈകീട്ടാണ് അറസ്റ്റ് ചെയ്തത്.
വീടിനുസമീപം കുറ്റ്യേരിമ്മലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. കോർപറേഷന്റെ അക്കൗണ്ടുകളിൽനിന്ന് നഷ്ടമായ മുഴുവൻ തുകയും ബുധനാഴ്ച പി.എൻ.ബി തിരിച്ചുനൽകിയതായി സെക്രട്ടറി കെ.യു. ബിനി അറിയിച്ചിരുന്നു. 10,07,47,231രൂപയാണ് ലഭിച്ചത്. ബാങ്ക് ഉന്നതതല യോഗം ചേർന്ന ശേഷമാണ് കോർപറേഷന്റെ പണം അക്കൗണ്ടിൽ തിരിച്ചിട്ടത്.
രണ്ടാമതും പ്രിൻസിപ്പൽസ് ജില്ല സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് റിജിൽ പിടിയിലായത്. നേരത്തേ നൽകിയ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. കോർപറേഷന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതിനുപിന്നാലെ നവംബർ 29ന് ബാങ്കിന്റെ നിലവിലെ സീനിയർ മാനേജർ സി.ആർ. വിഷ്ണു നൽകിയ പരാതിയിൽ ടൗൺ പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രാഥമികാന്വേഷണത്തിൽതന്നെ തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തിയതോടെ കേസിന്റെ തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പ്രതി രാജ്യം വിടാതിരിക്കാൻ അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അസി. കമീഷണർ ടി.എ. ആന്റണിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സി. ഷൈജു, പവിത്രൻ, എ.എസ്.ഐ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.