ഫയർ വാച്ചർമാരുടെ മറവിൽ പണം തട്ടി; നാല് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടിക്ക് ശിപാർശ
text_fieldsഅടിമാലി: ഫയർ വാച്ചർമാരുടെ പേരിൽ വ്യാജ അക്കൗണ്ട് തുറന്ന് സർക്കാറിന്റെ പണം തട്ടിയെടുത്ത സംഭവത്തിൽ റേഞ്ച് ഓഫിസർ ഉൾപ്പെടെ നാല് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടിക്ക് ശിപാർശ. മുൻ നേര്യമംഗലം റേഞ്ച് ഓഫിസർ സുനിൽലാൽ, മുമ്പ് വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദ്, ഫോറസ്റ്റർമാരായ പി.എസ്. ലാലു, അരുൺ കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശിപാർശ. ഇതിൽ അരുൺ കുമാർ ഒഴികെയുള്ളവർ സസ്പെൻഷനിലാണ്.
2023 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി സർക്കാറിന്റെ രണ്ടുലക്ഷത്തിലേറെ തുക വ്യാജ പേരുകളിൽ ഇവർ തട്ടിയെടുത്തതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഫയർ വാച്ചർമാരെ നിയമിക്കാതെ സ്വന്തക്കാരുടെ പേരുകളിൽ രജിസ്റ്റർ ഉണ്ടാക്കി അവരുടെ അക്കൗണ്ട് വഴിയാണ് ബിൽ മാറിയെടുത്തത്. അന്വേഷണത്തിൽ ശമ്പളം കൈപ്പറ്റിയവർ ആരും ഇവിടെ ഫയർ വാച്ചർമാരായി ജോലി നോക്കിയിട്ടില്ലെന്നും കണ്ടെത്തി.
വിദൂര നാട്ടിലുള്ളവർ ജോലി ചെയ്തതുമായി ബന്ധപ്പെട്ടാണ് സംശയം ഉണ്ടായത്. പഴമ്പിള്ളിച്ചാൽ, കുളമാംകുഴി വനം കൊള്ളയുമായി ബന്ധപ്പെട്ട് ഇവർ സസ്പെൻഷനിലാണ്. ഇവർക്കെതിരെ നേരത്തേയും നിരവധി ആക്ഷേപങ്ങൾ ഉണ്ട്. കോതമംഗലം വിജിലൻസ് ഡി.എഫ്.ഒ ആണ് റിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.