പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തിയാല്‍ കൊടുക്കാന്‍ പണമെത്തുമോ?
text_fieldsതൃശൂര്‍: നവംബര്‍ എട്ടിലെ പ്രഖ്യാപനം ഏല്‍പിച്ച ആഘാതം അവസാനിക്കാന്‍ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ട ദിവസം അവസാനിച്ച അമ്പത് ദിവസം പിന്നിടുമ്പോള്‍ അദ്ദേഹം ഇനി പറയാന്‍ പോകുന്നത് എന്തെന്ന് അറിയാനുള്ള കൗതുകത്തിലാണ് ബാങ്കുകള്‍. സ്വന്തം നിക്ഷേപത്തിന് പരിധി നിശ്ചയിച്ച സംവിധാനത്തോട് ഇടപാടുകാര്‍ ഏറക്കുറെ താദാത്മ്യം പ്രാപിച്ചുകഴിഞ്ഞു. ബാങ്കുകളില്‍ കാര്യമായ കുഴപ്പങ്ങളില്ലാതെ കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. ജനപ്രീതി നേടാനായി പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തുന്ന പക്ഷം അതിനനുസരിച്ച് കൊടുക്കാന്‍ പണം എത്തുമോ എന്നാണ് ബാങ്കുകളുടെ മുന്നിലുള്ള ചോദ്യം. അവരുടെ അനുഭവം മറിച്ചാണ്.
രണ്ടാഴ്ചയോളമായി ആര്‍.ബി.ഐയില്‍നിന്ന് ബാങ്കുകളിലേക്ക് പണമൊഴുക്ക് നിലച്ചമട്ടായിരുന്നു. കഴിഞ്ഞ രണ്ട്-മൂന്ന് ദിവസമായി പണം വരുന്നുണ്ട്. അച്ചടിക്കുന്ന പണം കേന്ദ്ര സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം ‘പൂഴ്ത്തുന്നു’വെന്ന സംശയം ചില ബാങ്കിങ് സംഘടനകള്‍ ഉന്നയിക്കുന്നു. ഒരുപക്ഷേ, ഡിസംബര്‍ 31നും ജനുവരി ഒന്നിനുമായി പിടിച്ചുവെച്ച പണമത്രയും കൈയടി ലക്ഷ്യമിട്ട് ഒറ്റയടിക്ക് പുറത്തുവിട്ടേക്കാമെന്നും അങ്ങനെയാണെങ്കില്‍ പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തുമെന്നുമാണ് സംഘടനകള്‍ കരുതുന്നത്. പണം അനുവദിച്ച് പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തിയാല്‍ പ്രശ്നമില്ല. മറിച്ച്, ഏകപക്ഷീയമായി പരിധി ഉയര്‍ത്തിയാല്‍ കഴിഞ്ഞ മാസത്തേക്കാള്‍ ഗുരുതരമാകും കാര്യങ്ങള്‍. അതുകൊണ്ടാണ് എസ്.ബി.ഐ ഉള്‍പ്പെടെ പ്രമുഖ ബാങ്കുകള്‍ പിന്‍വലിക്കല്‍ പരിധി തല്‍ക്കാലം ഉയര്‍ത്തരുതെന്ന് ആര്‍.ബി.ഐയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ബാങ്കുകളില്‍ നോട്ട് പിന്‍വലിക്കലിന്‍െറ അടുത്ത ദിവസങ്ങളിലുണ്ടായ തിരക്ക് കുറഞ്ഞിട്ടുണ്ട്. ഒരാള്‍ക്ക് ഒരാഴ്ച പരമാവധി 24,000 രൂപ മാത്രമേ നല്‍കൂ എന്ന പരിധിതന്നെ പ്രധാന കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരിധി അനുസരിച്ചുള്ള തുക നല്‍കാന്‍ ഏതാണ്ട് എല്ലാ ബാങ്കുകള്‍ക്കും കഴിയുന്നുണ്ട്. അപ്പോഴും അഞ്ഞൂറിന്‍െറ നോട്ടിന് ക്ഷാമമുണ്ട്. റിസര്‍വ് ബാങ്കിന്‍െറ കറന്‍സി ചെസ്റ്റ് കുറവുള്ളത് മലബാറിന് ഇപ്പോഴും വിനയായി തുടരുകയാണ്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകള്‍ക്ക് 125 കറന്‍സി ചെസ്റ്റുള്ളപ്പോള്‍ തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ഏഴ് ജില്ലകളില്‍ 77 ചെസ്റ്റ് മാത്രമാണുള്ളത്.
ആര്‍.ബി.ഐ ഇതുവരെ എത്ര നോട്ട് അച്ചടിച്ചുവെന്നും എങ്ങനെയെല്ലാം വിതരണം ചെയ്തുവെന്നും സംബന്ധിച്ച പുതിയ കണക്ക് വന്നിട്ടില്ല. പിന്‍വലിക്കപ്പെട്ട നോട്ടില്‍ 90 ശതമാനം തിരിച്ച് ബാങ്കുകളില്‍ എത്തിയെന്ന കണക്ക് ആര്‍.ബി.ഐ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അത്തരം കണക്കുകള്‍ ശനിയാഴ്ച പറയുമെന്നാണ് ബാങ്കര്‍മാര്‍ പ്രതീക്ഷിക്കുന്നത്. വ്യക്തമായ കണക്ക് പറയാന്‍ കഴിയാത്തത് നോട്ട് അസാധുവാക്കലിന്‍െറ സാധുതയത്തെന്നെ ചോദ്യം ചെയ്യുന്നതാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. എ.ടി.എമ്മുകളില്‍ പകുതിയും ഇപ്പോഴും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. അതിന് കാരണം നോട്ടിന്‍െറ കുറവാണ്. ഇതിനൊക്കെ പരിഹാരമില്ലാതെ പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തുന്നത് വീണ്ടും ഇടപാടുകാരെയും ബാങ്ക് ജീവനക്കാരെയും പ്രശ്നത്തിലേക്ക് ഉന്തിവിടുന്നതാവുമെന്ന ആശങ്കയും ജീവനക്കാരുടെ സംഘടനകള്‍ പ്രകടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.