കാസർകോട് വാഴകൃഷിയിലെ അഴിമതി: കർഷകർക്ക് നഷ്ടമായ തുക ഉദ്യോഗസ്ഥർ നൽകാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: കാസർകോട് വാഴകൃഷിയിലെ അഴിമതിയിൽ കർഷകർക്ക് നഷ്ടമായ തുക പദ്ധതി നടപ്പാക്കുന്നതിൽ ഉത്തരവാദിത്വമുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്ന് ഉത്തരവ്. ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുന്ന തുക കർഷകർക്ക് നൽകാൻ കൃഷി ഡയറക്ടർ നടപടി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യണമെന്നാണ് കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കറുടെ ഉത്തരവ്.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കാസർകോട് ജില്ലയിൽ നടത്തിയ വാഴകൃഷി വിസ്തൃതി വികസന പദ്ധതിയിലെ അഴിമതിയെക്കുറിച്ച് പരാതി ഉയർന്നപ്പോൾ ഇതുസംബന്ധിച്ച് കൃഷി വകുപ്പിലെ സ്പെഷൽ വിജിലൻസ് വിശദ അന്വേഷണം നടത്തിയിരുന്നു. 2017 ആഗസ്റ്റ് 17ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തു.
തുടർന്ന് സർക്കാർ അന്വേഷണത്തിന് വിജിലൻസ് വകുപ്പിനെ ചുമതലപ്പെടുത്തി. വിജിലൻസും അന്വേഷണ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. ഹോർട്ടി കോപ്പിെൻറയും സംസ്ഥാന കൃഷി വകുപ്പിെൻറയും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വീഴ്ചകൾ കാരണം സർക്കാറിന് സാമ്പത്തിക നഷ്ടം സംഭവിച്ചതായി കണ്ടെത്തിയില്ല. അതുപോലെ ഉദ്യോഗസ്ഥർ അന്യായമായ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും അന്വേഷണത്തിൽ തെളിഞ്ഞില്ല.
എന്നാൽ, കർഷകർക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതോടൊപ്പം വിജിലൻസ് ചില ശുപാർശകൾ നൽകുകയുണ്ടായി. ഈ കാലയളവിൽ ഹോർട്ടികോപ്പ് മാനേജിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ഡോ. പ്രതാപൻ, ഹോർട്ടികോപ്പ് പ്രൊജക്ട് റീജനൽ മാനേജർ പി. ബാലചന്ദ്രൻ, ടെക്സിക്കൽ ഓഫിസർ എസ്. ഷൈലജ എന്നിവർക്കെതിരെ കർശനമായ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ നൽകി.
കർഷകരുടെ സാമ്പത്തിക നഷ്ടം തറട്ടയിൽ നഴ്സറി എന്ന സ്ഥാപന ഉടമയിൽനിന്ന് ഈടാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ആ നഷ്ടം ജില്ലയിലെ കൃഷിഭവനുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കി ഈ മൂന്ന് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കി കർഷകർക്ക് നൽകാൻ നടപടി സ്വീകരിക്കണം. വാഴത്തൈ വിതരണത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കിളിമാനൂരിലെ തറട്ടയിൽ നഴ്സറി എന്ന സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ഉടമക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളാനും ഹോർട്ടി കോപ്പ് മാനേജിങ് ഡയറക്ടർ നിർദേശം നൽകി.
പദ്ധതി നടത്തിപ്പിൽ വീഴ്ചവരുത്തിയ കാസർകോട് കൃഷി മുൻ ഡെപ്യൂട്ടി ഡയറക്ടർ തിരുമലേശ്വര ഭട്ട് സർവിസിൽനിന്ന് വിരമിച്ചതിനാൽ ഇയാൾക്കെതിരെ കെ.എസ്.എസ്.ആർ ചട്ടം 59 ഉപവകുപ്പ് പ്രകാരം നടപടി സ്വീകരിക്കണം. ഡോ. പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടത് കേരള സർവകലാശാല വൈസ് ചാൻസലറും കൃഷിവകുപ്പുമാണ്. പി. ബാലചന്ദ്രനെതിരെ നടപടി സ്വീകരിക്കേണ്ടത് കൃഷി ഡയറക്ടറും കൃഷി വകുപ്പുമാണ്. ഷൈലജക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഹോർട്ടികോപ്പ് എം.ഡിയും കൃഷി വകുപ്പും.
കർഷകർക്കുണ്ടായ സാമ്പത്തിക നഷ്ടം ജില്ലയിലെ കൃഷിഭവനുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കി കൃഷി ഡയറക്ടർ സർക്കാറിൽ റിപ്പോർട്ട് സമർപ്പിക്കണം. നഷ്ടത്തിന് ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥരിൽനിന്നും ഈ തുക ഈടാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. കർഷകർക്ക് നഷ്ടമായ തുക തിരിച്ച് നൽകണമെന്നുമാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.